വികസന കാഴ്ചപ്പാട് മാറണം: സര്‍ക്കാറിനെതിരെ വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ സര്‍ക്കാറിന്റെ നയരൂപീകരണത്തിന് വീഴ്ച സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ പ്രളയമുണ്ടാക്കിയത് കനത്ത മഴയാണ്. എന്നാല്‍ ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളാണെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വികസന മന്ത്രം വികസന ആക്രോശമായി മാറരുത്. വികസത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്പ് നിശ്ചയിക്കാനുള്ള അവസരമാണിത്. വികസനത്തിന്റെ പേരില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ഇടക്കു വെച്ച് നിര്‍ത്തി വെക്കേണ്ടി വന്നു. ഇത് വീണ്ടും ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കണമെന്നും അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

SHARE