പോണ്ടിച്ചേരി കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ്‌ഗോപിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: പോണ്ടിച്ചേരി കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയ്‌ക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയംതള്ളിയ സുരേഷ്‌ഗോപിജിയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തന്റെ ആഡംബര വാഹനത്തിന് കേരളത്തില്‍ 15 ലക്ഷം നികുതിയടക്കേണ്ട സ്ഥാനത്ത് പോണ്ടിച്ചേരിയില്‍ ഒന്നരലക്ഷം നികുതിയടച്ച് സുരേഷ്‌ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തയുയര്‍ന്നിരുന്നു. പോണ്ടിച്ചേരി കാര്‍ രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസിനെ സൂചിപ്പിക്കുന്ന ഫോട്ടോ ചേര്‍ത്ത് കൊണ്ടാണ് തൃത്താല എം.എല്‍.എയുടെ ഫേസ്ബുക്ക് പരിഹാസം.
അധികാരത്തിലെത്തിയാല്‍ ഓരോ പൗരന്റേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപവിധം നിക്ഷേപിക്കുമെന്ന കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെകുറിച്ച് നേരത്തെ സുരേഷ്‌ഗോപി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതെരുമെന്നാണോ വിചാരിക്കുന്നത് എന്നാണ് സുരേഷ്‌ഗോപിയുടെ പരാമര്‍ശം. ഇതുംകൂടി ഉള്‍പ്പെടുത്തിയാണ് ബല്‍റാം സുരേഷ്‌ഗോപിക്കെതിരെ ആഞ്ഞടിച്ചത്. ബല്‍റാമിന്റെ പോസ്റ്റ് മിനിറ്റുകള്‍ക്കക്കം സാമൂഹ്യമാധ്യമങ്ങളില്‍ വലിയചര്‍ച്ചയായി.

SHARE