ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന അടൂര്‍ ഗോപാലകൃഷ്ണന്റെ സര്‍ഗാത്മക ജീവിതത്തെ അപഹസിക്കുന്നത്; പ്രതിഷേധവുമായി വി.ടി ബല്‍റാം

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോവാന്‍ പറഞ്ഞ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ബി.ഗോപാലകൃഷ്ണന്റെ നടപടി ഫാസിസമാണെന്ന് ബല്‍റാം പറഞ്ഞു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

ഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇന്റ്റലക്ച്വലിസമാണ്. അതിന് കേരളത്തില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഉയരുന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണി. കേന്ദ്ര സര്‍ക്കാരിനേയും അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേയും കുറിച്ച് വിമര്‍ശനമുന്നയിക്കുന്നവരെ മുഴുവന്‍ ഒറ്റയടിക്ക് രാജ്യദോഹികളായി മുദ്രകുത്താനും അവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നിശ്ശബ്ദരാക്കാനുമാണ് സംഘ്പരിവാര്‍ കാലങ്ങളായി പരിശ്രമിക്കുന്നത്. അടൂരിന്റെ സര്‍ഗ്ഗാത്മക ജീവിതത്തെ അപഹസിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയെ താറടിച്ച് കാണിക്കാനും കൂടി ബിജെപി നേതാവ് ശ്രമിക്കുന്നു എന്നതും കാണേണ്ടതുണ്ട്. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ സുപ്രധാന അംഗീകാരങ്ങളും നേരത്തെത്തന്നെ ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള നിരാശ ബാധിച്ച് വിമര്‍ശനമുന്നയിക്കേണ്ട ഗതികേട് അദ്ദേഹത്തിനില്ല. വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം ഉച്ചരിക്കുന്ന രാമനാമം ‘ജയ് ശ്രീറാം’ എന്ന കൊലവിളിയാക്കുന്നതിനെ മാത്രമാണ് താനെതിര്‍ക്കുന്നത് എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നത്തെ ഇന്ത്യയില്‍ ഏറെ പ്രസക്തമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരായ വിവേകത്തിന്റെ ശബ്ദങ്ങളാല്‍ നമ്മുടെ സാംസ്‌ക്കാരിക രംഗം ഇനിയും മുഖരിതമാകേണ്ടതുണ്ട്.