വഖഫ് മന്ത്രി കാണാതെ പോവുന്ന സത്യങ്ങള്‍

എം.സി മായിന്‍ഹാജി

അര്‍ഹരായ ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെ വഖഫ് ബോര്‍ഡ് മാര്‍ക്‌സിസ്റ്റ് ദുര്‍ഭരണത്തിന് വിധേയമായി ഒരു കോടി രൂപ സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയെതിനെതിരായി സമുദായ സംഘടനകളും നേതാക്കളും രംഗത്ത് വന്നപ്പോള്‍ വകുപ്പ് മന്ത്രിക്ക് കൊറോണ ഹാലിളകി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നു. നേതാക്കന്മാരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിച്ചു എന്നുള്ളതാണ് ഒന്നാമത്തെ പ്രതിപക്ഷ വിജയം. രണ്ടാമത്തേത് പച്ചയായ ചില കളവുകള്‍ മന്ത്രി പറയുന്നതു കേട്ട് സിമി അക്കൗണ്ടില്‍ മന്ത്രിയായ ഒരാളില്‍ നിന്ന് പരിശുദ്ധമായ റമസാന്നില്‍ ഇത്ര വേണമോ എന്നാലോചിച്ച് പോയി.
ഒരു മഹാമാരിക്കെതിരെ സര്‍ക്കാര്‍ സൗജന്യ ചികിത്സ നടത്തുന്നത് വലിയ കാര്യമായി മന്ത്രി ഫേസ്ബുക്കില്‍ പറയുന്നു. ഹേ മന്ത്രീ ഇതിന് മുമ്പ് ഉണ്ടായിട്ടുള്ള എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും മഹാമാരികള്‍ക്കും ചികിത്സ നടത്തിയതെല്ലാം അതാത് കാലത്തെ സര്‍ക്കാറുകള്‍ സൗജന്യമായാണ് എന്നത് താങ്കളുടെ അറിവിലേക്കായി കുറിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് രോഗ ചികിത്സ സൗജന്യമാണെന്നും മന്ത്രിയുടെ അറിവിലേക്ക് സമര്‍പ്പിക്കുന്നു. അതിനായി പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വരെ കേരളം ഉണ്ടായത് മുതല്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അവിടങ്ങളിലൊക്കെ രോഗ ചികിത്സകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. അത് പുതിയ സംഭവമോ പിണറായി സര്‍ക്കാരിന്റെ ഔദാര്യമോ അല്ല.

കൈയ്യില്‍ കോടികള്‍ കെട്ടിയിരിപ്പുണ്ടായിട്ടും എന്തേ അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുത്തില്ല എന്ന് ചോദിക്കുന്ന മന്ത്രിയോട് അങ്ങ് വഖഫ് ബോര്‍ഡിന്റെ മന്ത്രിയാണല്ലോയെന്നാലോചിക്കുമ്പോള്‍ പുച്ചം തോന്നുകയാണ്. കാരണം വഖഫ് ബോര്‍ഡിന്റെ വരവ് ചിലവിനെ കുറിച്ച് വഖഫ് ഭരിക്കുന്ന മന്ത്രിക്ക് ഒരു വിവരവുമില്ല. പള്ളികളില്‍ നിന്നും മറ്റു ഇസ്‌ലാം മത വഖഫ് സ്ഥാപനങ്ങളില്‍ നിന്നും അവരുടെ വരുമാനത്തില്‍ നിന്ന് വാങ്ങുന്ന 7 ശതമാനമാണ് വരവ്. ഇത് ഇപ്പോള്‍ പത്ത് കോടി രൂപയോളമാണ്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് ചുമതലയേല്‍ക്കുന്ന സമയത്ത് 38807859 (മൂന്ന് കോടി എണ്‍പത്തി എട്ട് ലക്ഷത്തി ഏഴായിരത്തി എണ്ണൂറ്റി അന്‍പതി ഒമ്പത്) രൂപയായിരുന്നു വഖഫ് ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം. സര്‍ക്കാര്‍ ഗ്രാന്റ് കിട്ടാന്‍ താമസിച്ചാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയില്ലായിരുന്നു അന്ന് ബോര്‍ഡിന്.

യു.ഡി.എഫ് സര്‍ക്കാര്‍ ആയത് കൊണ്ട് തടസ്സമില്ലാതെ ഗ്രാന്റ് ലഭിച്ചിരുന്നതിനാല്‍ ശമ്പളം മുടങ്ങിയില്ല. തങ്ങളുടെ മഹിതമായ മികവുറ്റ നേതൃത്വത്തില്‍ 5 വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഇത് ഇപ്പോള്‍ 10,84,35,587 (പത്ത് കോടി എന്‍പതിനാല് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി എണ്‍പത്തി ഏഴ്) രൂപയായി ഉയര്‍ന്നത്. തികഞ്ഞ സാമ്പത്തിക അച്ചടക്കം പാലിച്ച് മികവുറ്റതും അന്തസ്സാര്‍ന്നതുമായ നേതൃത്വത്തിന്റെ കീഴില്‍ 5 വര്‍ഷത്തോളം ബോര്‍ഡ് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വര്‍ഷം ബോര്‍ഡില്‍ 12 കോടിയോളം രൂപയുള്ളത്. ഇത് മന്ത്രി സാര്‍ പറഞ്ഞത് പോലെ കെട്ടി കിടക്കുന്ന പൈസയല്ല. ഇതില്‍ വരുമാനത്തിലെ ഒരു ശതമാനം കേന്ദ്രത്തിനുള്ളതാണ്. അതില്‍ ശമ്പളം, പെന്‍ഷന്‍, എട്ട് ഓഫീസുകളുടെ ചിലവുകള്‍, വഖഫ് ബോര്‍ഡ് കാലങ്ങളായി നേരിട്ട് നല്‍കുന്ന വിദ്യാഭ്യാസ സഹായം, യതീംഖാന സഹായം, മാനസിക വൈകല്യമുള്ളവരുടെ പെന്‍ഷന്‍ തുടങ്ങി ദൈനംദിന ചിലവുകളെല്ലാം കൂടി 10 കോടി രൂപയിലേറെ വരുമെന്നുള്ളത് മന്ത്രി സാറിന് അറിയില്ലെങ്കിലും ബോര്‍ഡിലെ മെമ്പര്‍ സഖാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അറിയുന്നതാണ്.

വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച് 2018 ല്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ കാലത്ത് 90 ലക്ഷം രൂപ സാമൂഹ്യസുരക്ഷാ സഹായങ്ങള്‍ നല്‍കിയത്. ഇത് പിന്നീട് ചോദിച്ചപ്പോള്‍ മന്ത്രിയുടെ വകുപ്പില്‍ നിന്ന് കിട്ടിയ മറുപടി ‘നിങ്ങള്‍ കൊടുത്തല്ലൊ? ഇനി ഗ്രാന്റിന്റെ ആവശ്യം ഇല്ലല്ലൊ’ എന്നാണ്. സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഗ്രാന്റ് കിട്ടാത്തതിനാലാണ് തനത് ഫണ്ടില്‍ നിന്നും താല്‍ക്കാലികമായി എടുത്ത് നല്‍കിയത്. ഇത് കൂടാതെ മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് സര്‍ക്കാര്‍ ഒരുക്കി കൊടുക്കാന്‍ ബാധ്യസ്ഥരായ വഖഫ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനും വഖഫ് ട്രിബ്യൂണലിന് കാറ് വാങ്ങുന്നതിനും ബോര്‍ഡ് ഫണ്ടില്‍ നിന്നും ചിലവഴിച്ച ഒരു കോടിയിലേറെ വരുന്ന തുക രണ്ട് വര്‍ഷമായിട്ടും ബോര്‍ഡിന് തിരിച്ച് നല്‍കിയിട്ടില്ല.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ധനമന്ത്രി ബഡ്ജറ്റ് അവതരണവേളയില്‍ വഖഫ് ബോര്‍ഡിന് പ്രഖ്യാപിച്ച 4 കോടിയോളം രൂപ ഇന്നോളം ബോര്‍ഡിന് നല്‍കിയില്ല. അത് വാങ്ങിച്ചു തരാനോ പോയി ചോദിച്ചു വാങ്ങുവാനോ ഉള്ള രാഷ്ട്രിയ ചങ്കൂറ്റം ജലീല്‍ മന്ത്രിക് ഇല്ലാതെ പോയതിന് സമുദായ നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വഖഫ് ബോര്‍ഡിന് 2 കോടി പ്രഖ്യാപിച്ചു എന്ന് ദേശാഭിമാനി കൊട്ടിയാഘോഷിച്ചതിനും രണ്ട് തവണ വാര്‍ഷികം ആഘോഷിക്കാനുള്ള സമയം കഴിഞ്ഞു. മന്ത്രി പദവിയിലെത്തിയപ്പോള്‍ നല്‍കിയ സുന്ദരമോഹന വാഗ്ധാനങ്ങള്‍ എവിടെയെന്ന ചോദ്യത്തിന് മന്ത്രി പൊട്ടന്‍കളി കളിക്കുകയാണ്. വഖഫിന് സ്വന്തമായി സര്‍വ്വേ കമ്മിഷന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പള്ളി തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അദാലത്ത്, സുന്നികളുടെ യോജിപ്പ് എന്തെല്ലാം തമാശകളായിരുന്നു വാചകമടിയായി പുറത്ത് വന്നത്. എല്ലാം വെള്ളത്തില്‍ വരച്ച വരകളായി. മുന്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങളുടെ കാലത്ത് എന്തെ സാമ്പത്തിക സഹായം നല്‍കാതിരുന്നത് എന്നാണ് മന്ത്രിയുടെ മറു ചോദ്യം. റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് അവസാന വര്‍ഷം ഖത്തീബ്, ഇമാം, മുക്രി, മദ്രസാ അധ്യാപകര്‍ എന്നിവരുടെ പെന്‍ഷന്‍ തനത് ഫണ്ടില്‍ നിന്നാണ് നല്‍കിയിട്ടുള്ളത്. കല്യാണസഹായവും ചികിത്സാസഹായവും നല്‍കാതിരുന്നത് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തത് കൊണ്ടാണ്. റഷിദലി തങ്ങളുടെ കാലത്താണ് തനത് ഫണ്ട് ഉപയോഗിച്ച് നൂതന പദ്ധതികളായ മാനസിക വൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍, യതീം ഖാനകള്‍ക്ക് കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ക്ലാസ് റൂം, എം.ബി.ബി.എസ്, എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റ് പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം എന്നിവ നല്‍കിയത്.

കോവിഡ് മഹാമാരിയുടെ കാലത്ത് സമുദായ നേതാക്കള്‍ സര്‍ക്കാരിനോട് സഹകരിക്കുമ്പോള്‍ എന്തുകൊണ്ട് ഇപ്പോള്‍ ഈ വിഷയത്തില്‍ എതിര്‍പ്പ് എന്നതാണ് മന്ത്രിയുടെ മറ്റൊരു സംശയം. രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രിവക മറുപടിയും. തന്റെ നേതൃത്വത്തിലുള്ള സമുദായ സ്ഥാപനങ്ങള്‍ ക്വാറന്റിന്‍ കേന്ദ്രങ്ങളായി വിട്ടുകൊടുക്കാമെന്ന് സമ്മതമറിയിച്ച ഹൈദരലി ശിഹാബ് തങ്ങളെയും മഹാനായ ഇഒ മുഹമ്മദ് കോയ സാഹിബിന്റെയും ശിഹാബ് തങ്ങളുടെയും നാമധേയത്തിലുള്ള നൂറുകണക്കിന് ആംബുലന്‍സ് സേവനത്തിന് സര്‍ക്കാറിന് വിട്ട് കൊടുത്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും മുഖ്യമന്ത്രി വൈകുന്നേരത്തെ തള്ളല്‍ പരിപാടിയില്‍ അഭിനന്ദിച്ചത് മന്ത്രി അറിഞ്ഞുകാണുമെന്ന് കരുതുന്നു . ഇവിടെ രാഷ്ട്രീയമല്ല പ്രശ്‌നം സമുദായത്തിന്റെ ന്യായമായ അവകാശത്തെ വഞ്ചിച്ച മന്ത്രിക്കെതിരായ ജനരോഷമാണ്.

13.05.2020 ന് തന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന വഖഫ് ബോര്‍ഡിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പാസ്സാക്കിയ 260 പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായവും 2010 അനാഥ മക്കള്‍ അടക്കമുള്ള പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച വിവാഹ സഹായവും മാറ്റിവെച്ച നടപടിയെ സംബന്ധിച്ച് ഒന്നും പറയാതെ സമുദായ നേതാക്കളെ പരിഹസിച്ച മന്ത്രിയുടെ മനോനില തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാ പൊതുപ്രശ്‌നങ്ങളിലും സജീവമായി പങ്കാളികളാകുകയും പൊതുസമൂഹം ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തിന് ഇരയാകുമ്പോള്‍ കൈ മെയ്യ് മറന്ന് ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന് അത്താണിയാകുകയും ചെയ്യുന്ന കേരളത്തിലെ മുപ്പത് ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന്റെ ഏത് കാര്യം വരുമ്പോഴും വര്‍ഗീയ ലേബല്‍ ഒട്ടിച്ച് തങ്ങള്‍ എറിഞ്ഞ് കൊടുക്കുന്നത് വാങ്ങിച്ചോളണമെന്ന യജമാനന്മാരുടെ നിലപാട് മന്ത്രി ഈ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് പ്രധാനമന്ത്രിക്ക് ഫണ്ട് കൊടുത്തു എന്ന മന്ത്രിയുടെ ദുഷ്പ്രചരണം കുഞ്ഞാലികുട്ടി സാഹിബിന്റെ പത്രക്കുറിപ്പോടുകൂടി ഫ്യൂസ് പോയ അവസ്ഥയിലുമായി. കള്ളം പറയുന്നതിനും കള്ളം ചെയ്യുന്നതിനും ഒരു മടിയുമില്ലാത്ത ഒരു രാഷ്ട്രിയക്കാരന്‍ പൊതുസമൂഹത്തിന് നാണക്കേടാണ് , സമുദായത്തിന് അപമാനവുമാണ്. കൊച്ചാപ്പ വിവാദവും, സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനവും, കെ.എം ഷാജിക്കെതിരായ കലാലയ വിവാദപ്രസ്താവനയും മന്ത്രിയുടെ 4 വര്‍ഷത്തെ റിക്കാര്‍ഡ് നേട്ടങ്ങളാണ്.

മന്ത്രി പദവിക്ക് 10 മാസം ബാക്കിനില്‍ക്കെ കാലവും സമൂഹവും കാതോര്‍ത്ത് നില്‍ക്കുന്നത് വഖഫ് ബോര്‍ഡിനെ കബളിപ്പിച്ച് വഖഫ് ഫണ്ട് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയും സര്‍ക്കാര്‍ ബഡ്ജറ്റ് തുക വാങ്ങിക്കൊടുക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയും ചെയ്ത മന്ത്രി എന്ന നിലക്ക് ചരിത്രം ഈ മനുഷ്യനെ വിലയിരുത്തുന്നത് കാണുന്നതിനും കേള്‍ക്കുന്നതിനുമാണ്. സമൂഹത്തിന്റെയും കോടതിയുടെയും ഗവര്‍ണ്ണറുടെയും നിയമസഭയുടെയും മുമ്പില്‍ തോറ്റ മാന്യന്‍ സമുദായത്തിന്റെയും ചികില്‍സാ സഹായം നിഷേധിക്കപ്പെട്ട രോഗികളുടെയും വിവാഹസഹായം നിഷേധിക്കപ്പെട്ട യതീമുകള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെയും പ്രാര്‍ത്ഥനകള്‍ക്കും തേട്ടങ്ങള്‍ക്കും മുമ്പില്‍ തോല്‍ക്കാനിരിക്കുകയാണ്.മന്ത്രി അവതാരത്തിന് ചികല്‍സാവിധിയായി പൊളിറ്റിക്കല്‍ ക്വാറന്റ്റൈന്‍ പ്രബുദ്ധതയുള്ള കേരളിയ സമൂഹം നല്‍കുമെന്നുറപ്പാണ്.

SHARE