ജവാന്മാരുടെ ജാതി തിരിച്ചുള്ള കണക്ക്; മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ ജാതി തിരിച്ചുള്ള കണക്ക് പുറത്തുവിട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.ആര്‍.പി.എഫ്. ജവാന്മാരെ അവഹേളിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് സി.ആര്‍.പി.എഫ് വ്യക്തമാക്കി. മതം, ജാതി, വര്‍ഗം, വര്‍ണം തുടങ്ങിയവയെക്കാള്‍ ഇന്ത്യക്കാരെന്ന വികാരമാണ് തങ്ങളെ നയിക്കുന്നതെന്നും സി.ആര്‍.പി.എഫ് ഡി.ഐ.ജി മോസസ് ദിനകരന്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ജവാന്മാരാണെന്ന് ഒരു മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 19 ഒ.ബി.സി വിഭാഗക്കാര്‍, ഏഴ് എസ്.സി, അഞ്ച് എസ്.ടി, മൂന്ന് ജാട്ട് സിഖ്, നാല് ഉന്നത ജാതിക്കാര്‍, ഒരു മുസ്‌ലിം, ഒരു ബംഗാളി ഉന്നത ജാതി എന്നിങ്ങനെയായിരുന്നു റിപ്പോര്‍ട്ട്.