സന്തുഷ്ട ദിനങ്ങള്‍ക്ക് തയാറെടുക്കാം

ഹബീബുറഹ്മാന്‍

സംതൃപ്തി, സന്തോഷം, സന്തുഷ്ടി, ആനന്ദം തുടങ്ങിയ പദങ്ങള്‍ തന്നെ കാതിനും മനസ്സിനും ഇമ്പമുള്ളതാണ്. പക്ഷേ രാജ്യത്തിന്റെയും ലോകത്തിന്റെയും നമ്മുടെ തന്നെയും അവസ്ഥ ഇന്ന് എത്രമാത്രം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാണ് എന്നാലോചിക്കുമ്പോള്‍ ഖേദകരമായിരിക്കും അവസ്ഥ. ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ ഭരണഘടനയില്‍പോലും പ്രതി ശീര്‍ഷ വരുമാനത്തിനും ആളോഹരി വരുമാനത്തിനുമാണ് (ജി.ഡി.പി) പ്രസക്തി. എന്നാല്‍ നമ്മേക്കാള്‍ ചെറിയ ഭൂട്ടാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ ഭരണഘടനയില്‍ ആളോഹരി സന്തോഷത്തിനാണ് ഒന്നാം സ്ഥാനം. ലോകത്തെ സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉത്തര യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്റാണ്. വ്യക്തികളുടെയും രാജ്യത്തിന്റെയും സന്തുഷ്ടാവസ്ഥ കണക്കിലെടുത്താണ് യുണൈറ്റഡ് നേഷന്‍സ് ഇത് തീരുമാനിക്കുന്നത്. യു.എന്‍ പ്രസിദ്ധീകരിച്ച രാജ്യങ്ങളുടെ ഹാപ്പിനെസ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 140.

പട്ടിണിയുടെ കാര്യത്തില്‍ 112 ാം സ്ഥാനവും. 2012 മുതല്‍ തുടര്‍ച്ചയായി ഹാപ്പിനെസ് നിലനിര്‍ത്തുന്ന ഫിന്‍ലന്റിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ 34 കാരിയായ സന്ന മിരെല്ല മറിന്‍ ആണ്. ആ രാജ്യത്തെ പൗരന്മാര്‍ക്ക് വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളും സൗജന്യമാണ്.

മനുഷ്യന്‍ ഏത് മാനസികാവസ്ഥയിലാകാന്‍ ആഗ്രഹിക്കുന്നുവോ അതിന്റെ ഏറ്റവും ഉയര്‍ന്ന മാനസികാവസ്ഥയാണ് ഹാപ്പിനെസ് അഥവാ സംതൃപ്തി. സന്തോഷം ലഭിക്കുന്നത് ഓരോരുത്തരുടെയും ആവശ്യം പൂര്‍ത്തീകരിക്കുന്നതിലൂടെയാണ്. നിലവിലുള്ള അവസ്ഥയില്‍ സന്തുഷ്ട വാനായിരിക്കുക, അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതും ഒപ്പം ക്ഷമയുള്ളവനുമായിരിക്കുക എന്നതുമാണ് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അടിസ്ഥാനം. ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം മലിനീകരണമാണെന്നും മനശുദ്ധീകരണത്തിലൂടെ മാത്രമേ സന്തോഷം കരഗതമകുകയുള്ളൂവെന്നും ലൂയിസ് ഹെതന്റെ പ്രസിദ്ധമായ ഹീല്‍ യുവര്‍ ലൈഫ് ആന്റ് ഹീല്‍ യൂവര്‍ ബോഡി എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനുമൊക്കെ സന്തോഷം കരഗതമകണമെങ്കില്‍ ബോധപൂര്‍വമായ ജീവിതചര്യയും ചിട്ടയും വ്യവസ്ഥയുമൊക്കെ പാലിച്ചേ തീരൂ. കേരളത്തിലെന്നല്ല ലോകത്ത് തന്നെ നടക്കുന്ന അധിക ട്രെയിനിങ്, കൗണ്‍സലിങ,് മോട്ടിവേഷന്‍ ക്ലാസുകളും ‘ആര്‍ട്ട് ഓഫ് ഹാപ്പി ലിവിങ്’ ‘ഹാപ്പിനെസ് ലൈഫ്’ സംതൃപ്ത ജീവിതം, ജീവിതാനന്ദം തുടങ്ങിയ മനോഹര തലക്കെട്ടുകളോടെയാണ്. മനസ്സിനും ശരീരത്തിനും സുഖവും സംതൃപ്തിയും ശാന്തിയും ലഭിക്കുമ്പോഴാണ് ഒരു വ്യക്തി സന്തുഷ്ടവാനാകുക. ധാരാളം സമ്പത്താണ് സന്തുഷ്ടിയുടെ മുഖ്യ നിമിത്തമെന്ന ധാരണ തെറ്റാണെന്നു സമ്പന്നരുടെയും വേണ്ടുവോളം വിഭവങ്ങള്‍ ഉള്ളവരുടെയും ടെന്‍ഷന്‍, മാനസികാഘതം, ആത്മഹത്യ തുടങ്ങിയ ആധുനികതയുടെ വര്‍ത്തമാനം ബോധ്യപ്പെടുത്തുന്നുണ്ട്. റോബര്‍ട്ട് കിയോസാകിയുടെ റിച് ഡാഡ് പുവര്‍ ഡാഡ് എന്ന ഗ്രന്ഥത്തില്‍ പറയുന്ന പോലെ പണത്തിന്‌വേണ്ടി പണിയെടുക്കുക എന്നതല്ല പണം നമുക്ക്‌വേണ്ടി പണിയെടുത്ത് കൊള്ളും എന്ന തത്വമാണ് അനുവര്‍ത്തിക്കേണ്ടത്.

ചിന്തയും മനസ്സും ശരീരവും ഒപ്പം പ്രവര്‍ത്തിയും ശരിയും ശുദ്ധവുമായാല്‍ സംതൃപ്തിയും സന്തോഷവും തേടിയെത്തും. മനസ്സിലെ പക, വിദ്വേഷം, അസൂയ, അത്യാര്‍ത്തി തുടങ്ങിയ ദുര്‍ഗുണങ്ങളെ വിട്ടകന്നാല്‍തന്നെ നെഗറ്റീവ് എനര്‍ജി അപ്രത്യക്ഷമാകും. ശാസ്ത്രീയ ഗവേഷകരായ മാര്‍ട്ടിന്‍ സെലിഗ്മെന്‍, റോബര്‍ട്ട് എമ്മന്‍സ് എന്നിവരുടെ അഭിപ്രായത്തില്‍ എല്ലാ ദിവസവും ദൈവത്തോടും സ്വന്തത്തോടും സമൂഹത്തോടും നന്ദിയുള്ളവനായിരിക്കുക എന്നതാണ് സന്തോഷം കരഗതമകാന്‍ ഏറ്റവും അഭികാമ്യം. എല്ലാ ദിവസവും അതിരാവിലെ ഹിപ്‌നോട്ടിക് തെറാപ്പി പതിവക്കുന്നത് നല്ലതാണ്. പത്തോ പതിനഞ്ചോ മിനിറ്റ് സമയമെടുത്ത് ശ്വാസോച്ഛാസവും ശ്രദ്ധയും കേന്ദ്രീകരിച്ച് ‘എന്റെ ജീവിതം പൂര്‍ണമായും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. സമൂഹത്തിന് എന്നാല്‍ കഴിയുന്ന നന്മകള്‍ ഞാന്‍ ചെയ്യും’ തുടങ്ങിയ വാചകങ്ങളില്‍ കണ്ണടച്ച് ശ്രദ്ധ കേന്ദ്രീകരിക്കുക.

നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ സ്‌നേഹവും ശ്രദ്ധയും പരിഗണനയും കുടുംബത്തിന് നല്‍കണം. എന്തൊക്കെ ജോലിത്തിരക്കുകളും ഉത്തരവാദിത്വങ്ങളും ഉണ്ടെങ്കിലും ദിവസം ഒരു മണിക്കൂറെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം. രണ്ടാഴ്ചയിലോരിക്കല്‍ ചെറിയ രീതിയിലേങ്കിലും ഔട്ടിംഗോ ഷോപ്പിങ്ങോ നടത്തണം. ആറു മാസത്തിലൊരിക്കലെങ്കിലും ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കുന്ന ഒന്നിച്ചുള്ള യാത്രകളും കൂടിച്ചേരലുകളും നടക്കണം. വിശിഷ്യാ കുട്ടികളോടും ഇണയോടും സംസാരിക്കാനും പ്രത്യക്ഷ സ്‌നേഹം പങ്കുവെക്കാനും കഴിയണം. മനശ്ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച് കുട്ടികളുടെ മൂന്ന് സമയം വളരെ പ്രധാനമാണ്. ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള മൂന്നു മിനിറ്റ്, ഉണരുമ്പോഴുള്ള മൂന്നു മിനിറ്റ്, വിദ്യാലയത്തില്‍നിന്ന് വരുമ്പോഴുള്ള മൂന്നു മിനിറ്റ്. ഈ സമയമെങ്കിലും ഏറ്റവും ചുരുങ്ങിയത് അവരെ ശ്രദ്ധിക്കാന്‍ കഴിയണം. ഇണകളെ സംബന്ധിച്ചിടത്തോളം അവരുടെ ഗര്‍ഭകാലം, മെന്‍സസ്, മുലയൂട്ടല്‍, അമിത ജോലി ഭാരം തുടങ്ങിയ സമയങ്ങളിലിക്കെ ശ്രദ്ധയും പരിഗണനയും ഏറ്റവും ആവശ്യമായണ്.

സാമൂഹ്യ ജീവിയായ മനുഷ്യന്‍ സ്വന്തത്തിലും കുടുംബത്തിലും ഇടപെടുന്നപോലെ സമൂഹത്തിലും സദുദ്ദേശ്യത്തോടെ ഇടപെടുകയും സമൂഹത്തിന്റെ വളര്‍ച്ചക്കും സുരക്ഷിതത്വത്തിനും ആവശ്യമായ ഇടപെടലുകള്‍ നടത്തത്തുകയും വേണം. സാമൂഹ്യമായ നല്ല ഇടപെടലുകള്‍ നടത്തുന്ന വ്യക്തികള്‍ക്കാണ് കൂടുതല്‍ സംതൃപ്തിയും സന്തോഷവും ലഭിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സ്വന്തത്തിലേക്ക് ചുരുങ്ങുന്നവരില്‍ വിഷാദ രോഗം, മാനസിക പിരിമുറുക്കം, അസ്വസ്ഥത, ആത്മഹത്യ പ്രവണത തുടങ്ങി ഒട്ടനേകം രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. സാമൂഹിക പ്രതിബദ്ധതയും സഹ ജീവി സ്‌നേഹവുമുള്ള ആളുകള്‍ക്ക് പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും നേരിടാനുള്ള മനക്കരുത്തും മാനസിക വിശാലതയുമുണ്ടാവും എന്നത് പഠനങ്ങളുടെയും പ്രായോഗിക ജീവിതത്തിലൂടെയും തെളിഞ്ഞതാണ്.

പ്രമുഖ സംരംഭകനും ഫിലാന്ത്രോപിസ്റ്റുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ‘എന്തുകൊണ്ട് ബിസിനസ് ലീഡേഴ്‌സിന് സാമൂഹ്യ സേവനം’ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിച്ച പോലെ ‘മറ്റുള്ളവരില്‍ സേവന തല്‍പരനായ ഒരാള്‍ സ്വന്തം കാര്യത്തിലും തല്‍പാരനായിരിക്കും’ എന്ന നിരീക്ഷണം പ്രസക്തമാണ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കാതറിന്‍ വെയിന്‍ ബര്‍ഗര്‍ 1972 നും 1992 നും ഇടക്കുള്ള കണക്കുദ്ധരിച്ച് പറയുന്നത് ‘വളരെ സ്മാര്‍ട്ടായും സാമൂഹിക ബോധത്തോടുംകൂടി ജോലി ചെയ്യുന്നവരാണ് 1980 കളിലെ തൊഴിലാളികളേക്കാള്‍ കര്യക്ഷമതയും സമ്പത്തികശേഷിയും ആര്‍ജിച്ചവര്‍’ എന്നാണ്. മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ വ്യക്തികളെയും സമൂഹത്തെയും കുറിച്ചുള്ള പഠന വിഭാഗം തലവനും പ്രമുഖ മനശ്ശാസ്ത്രജ്ഞനുമായ മര്‍ക് സ്‌നിഡര്‍ പറഞ്ഞപോലെ ജനങ്ങളോട് സ്ഥിരമായ സേവന സന്നദ്ധത പുലര്‍ത്തുന്നവരാണ് ആത്മ നിര്‍വൃതിയും മാനസിക സംതൃപ്തിയും സന്തോഷവും കൂടുതല്‍ അനുഭവിക്കുന്നവര്‍.

ഹാപ്പിനെസ്സ് ഹോര്‍മോണുകളെ ഉദ്ദീപിപ്പിച്ചും സന്തോഷം വര്‍ധിപ്പിക്കാം. ഈ ഹോര്‍മോണുകള്‍ തലച്ചോര്‍ കോശങ്ങളെയും ഞരമ്പ് വ്യവസ്ഥകളെയും മുഴുവന്‍ ശരീരത്തെയും ഉദ്ദീപിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സേരോടോണിന്‍: ഉറക്കം, ഭക്ഷണം, ദഹനം- ഓക്‌സിടോസിന്‍: മനുഷ്യരുമായി ഉള്ള ബന്ധം, അവരുമായി ഇടപഴകള്‍, സെക്‌സ്- ഡോപമിന്‍: സ്‌നേഹം, പുകഴ്ത്തല്‍, സമ്മാനം നല്‍കല്‍- എന്‍ഡോര്‍ഫിന്‍: നടത്തം, വ്യായാമം, യാത്ര എന്നിവയാണ് പ്രധാന ഹാപ്പിനെസ് ഹോര്‍മോണുകള്‍. ഇന്ന് അന്താരാഷ്ട്ര സന്തുഷ്ട ദിനത്തില്‍ ജീവിതം സന്തോഷകരമാക്കാന്‍ പ്രതിജ്ഞയെടുക്കാം.

SHARE