ലളിതം സുന്ദരം, മധ്യമം മഹത്തരം

പ്രൊഫ. പി.കെ.കെ. തങ്ങള്‍

ഏതൊരു വിഷയത്തിന്റെയും ശരിയായ പൊരുള്‍ ഗ്രഹിക്കണമെങ്കില്‍ അടിസ്ഥാനപരമായി അതിനാവശ്യമായിട്ടുള്ളത് മനസ്സിന്റെ സുതാര്യതയാണ്. നിറപ്പകര്‍ച്ചയില്ലാത്ത കണ്ണുകളും തെളിഞ്ഞ, മുന്‍വിധികളില്ലാത്ത ഒരു മനസ്സുമാണ് അതിന്റെ അടിസ്ഥാനം. വ്യക്തിജിവിതം മുതല്‍ കുടുംബാന്തരീക്ഷം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയിലെല്ലാം ഈ സുതാര്യത പ്രകടമായിരിക്കണം -രാഷ്ട്ര-രാഷ്ട്രാന്തരീയ വിഷയങ്ങളിലും അങ്ങനെത്തന്നെ. വ്യക്തി-കുടുംബ-സാമൂഹ്യ ബന്ധങ്ങളിലെല്ലാം അനിവാര്യമായും ഗൗരവമേറിയ വിഷയങ്ങളില്‍ നിലനിര്‍ത്തേണ്ടുന്ന രഹസ്യസ്വഭാവമൊഴിച്ച് ഓരോരുത്തരും പുലര്‍ത്തേണ്ടുന്ന പൊതുവായ മര്യാദയാണിത്. അതിന്റെ അഭാവമാണ്, സമൂഹത്തില്‍ അനുഭവപ്പെടുന്ന അവ്യക്തതകള്‍ക്കും ഇന്ന് മനുഷ്യന്‍ അനുഭവിക്കുന്ന പല ദുരന്തങ്ങള്‍ക്കും കാരണം. ‘മനസ്സിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കിപ്പറയുക’ എന്ന പ്രയോഗത്തിന്റെ ആശയം ഈ സുതാര്യതയാണല്ലോ; മറിച്ച് എപ്പോഴും എവിടെയും ഉച്ചത്തിലുരുവിട്ട് നടക്കുകയെന്നല്ലല്ലോ. ഇങ്ങിനെയൊക്കെ സുതാര്യമാണെങ്കില്‍ തന്നെയും ‘ഞാന്‍, ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ’ എന്ന് അന്ധതയും ബധിരതയും നടിച്ച് നടക്കുന്നവരും ഈ കാലഘട്ടത്തില്‍ ലോകത്തെവിടെയും ധാരാളമാണ്. ഇന്ന് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന അസമാധാനാന്തരീക്ഷത്തിന്റെ കാരണവും അതു തന്നെയാണ്. അത്തരക്കാരെ പരാമര്‍ശിച്ചുള്ള ഖുര്‍ആനിന്റെ പരാമര്‍ശം ഇങ്ങിനെയാണ്: ‘ദൈവം അവരുടെ ഹൃദയങ്ങള്‍ക്കും കാതുകള്‍ക്കും, കണ്ണുകള്‍ക്കും അടപ്പിട്ടിരിക്കുന്നു’വെന്ന ആലങ്കാരിക പ്രയോഗം. അതുകൊണ്ടുതന്നെ നിയമാനുസൃതം വിനീതമായി ഭൂമുഖത്ത് ജീവിക്കുന്നവരുടെ കടമ, കണ്ണും കാതുമൊക്കെ തുറന്നുപിടിച്ച് കരുതലോടെ കഴിയുകയെന്നുള്ളതാണ്.

ഇസ്‌ലാമിക തത്വചിന്തയനുസരിച്ച് ലോകത്തെവിടെയും മനുഷ്യന്‍ ഒരു കുടുംബമാണ്- കാരണം ആദം-ഹവ്വാ വംശപരമ്പര. ‘നിങ്ങളുടെ ആരാധ്യന്‍ ഒന്നാണ്; നിങ്ങളുടെ പിതാവും. നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ്, ആദം മണ്ണില്‍ നിന്നും.’ കുലങ്ങളും ഗോത്രങ്ങളുമായി തിരിച്ചിരിക്കുന്നത് വെറും തിരിച്ചറിവിന് വേണ്ടി മാത്രം- കറുത്തവനേക്കാള്‍ ഒരു പ്രാധാന്യവും വെളുത്തവനില്ല, അപ്രകാരം തന്നെ അറബിക്കും അനറബിക്കും തമ്മിലും.’ എന്നിട്ടെന്തേ ഈ പരിഷ്‌കൃത കാലഘട്ടത്തില്‍ ഉന്നതര്‍ എന്നവകാശപ്പെടുന്നവര്‍ ഇതൊന്നും കാണുകയും കേള്‍ക്കുകയും ചെയ്യാതെ പോകുന്നു? അതിനര്‍ത്ഥം കണ്ണും കാതുമൊക്കെ (കൃത്രിമമായി) മൂടിക്കെട്ടപ്പെട്ടിരിക്കുന്നു എന്നതുതന്നെ. അന്ധതയും ബധിരതയും യഥാര്‍ത്ഥമായി അനുഭവിക്കുന്നവര്‍ നിസ്സഹായരാണെന്ന് തിരിച്ചറിയാം, എന്നാല്‍ അന്ധതയും ബധിരതയും നടിക്കുന്നവരോ? അവരുടെ നാട്യം സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുകയെന്നത് മാത്രമല്ല! തികഞ്ഞ സാഹോദര്യം നിലനിന്നിരുന്ന നാടായിരുന്നില്ലേ നമ്മുടെ മഹാരാജ്യം, എന്നിട്ടിപ്പോള്‍ അതെന്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണകര്‍ത്താക്കള്‍ അതിന് ചുക്കാന്‍ പിടിച്ചാലുള്ള ദുരവസ്ഥയും ഭീകരതയും അതിക്രൂരമല്ലേ?

ജനനംതൊട്ട്, ശ്വാസോച്ഛാസം മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും മരണത്തെ എങ്ങനെ നേരിടണമെന്നതുള്‍പ്പെടെ ഒരു സമൂഹത്തിന്നാവശ്യമായ എല്ലാ മാര്‍ക്ഷനിര്‍ദ്ദേശങ്ങളും പ്രവാചകനിലൂടെയും (പ്രവാചകന്മാര്‍) വേദഗ്രന്ഥങ്ങളിലൂടെയും സ്രഷ്ടാവ് മനുഷ്യകുലത്തെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) മുഖേന മനുഷ്യകുലത്തിന് അവതീര്‍ണ്ണമായിട്ടുള്ള വഴികാട്ടിയാണ് പരിശുദ്ധ ഖുര്‍ആന്‍. മരണാനന്തര ജീവിതത്തിന് പ്രാമുഖ്യം കല്‍പിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. എന്ന് കരുതി ഭൗതിക ജീവിതത്തിന് ഒരു വിലയുമില്ലെന്നും അതിനെ അവഗണിക്കണമെന്നും ഇസ്‌ലാം മനുഷ്യരാശിയെ പഠിപ്പിക്കുന്നില്ല. അപ്രകാരം തന്നെ മനുഷ്യപ്രകൃതിക്കും കഴിവിനും വിധേയമായിട്ടല്ലാതെ കഠിനപ്പെടുത്തുന്ന യാതൊന്നും ഇസ്‌ലാം അതിന്റെ അനുയായികളുടെ മേല്‍ കെട്ടിവെക്കുന്നില്ല. ലോകത്തെവിടെയും മുസ്‌ലിംകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ, അല്ലെങ്കില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന തീവ്രചിന്താഗതിയും ഇസ്‌ലാമിനില്ല.

‘വിശ്വസിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ വിശ്വസിക്കട്ടെ, അല്ലാത്തവര്‍ വിശ്വസിക്കാതിരിക്കട്ടെ’ എന്നാണ് ഖുര്‍ആനിന്റെ ആഹ്വാനം. പ്രവാചകന്റെ മേല്‍ ഭരമേല്‍പിച്ച ദൗത്യം അദ്ദേഹം കൃത്യമായി നിര്‍വ്വഹച്ചിട്ടുണ്ട്. ‘താങ്കള്‍ക്ക്, വ്യക്തമായി പ്രബോധനം (ദൗത്യം) ജനങ്ങളിലെത്തിക്കുക എന്ന ഉത്തരവാദിത്തം മാത്രമേയുള്ളൂ’ എന്നാണ് ദൈവകല്‍പന. അപ്പോള്‍ പിന്നെ എവിടുന്നാണ് നിര്‍ബന്ധിക്കലും പേടിപ്പെടുത്തലുമെല്ലാമെന്ന പ്രചരണം കടന്നുവരുന്നത്. സത്യവും അസത്യവും, ശരിയും തെറ്റും തുറന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക; അത് ജീവിതബന്ധിയായ എല്ലാ വിഷയങ്ങളെയും സ്പര്‍ശിക്കുന്നവിധത്തില്‍ അതിനപ്പുറത്തേക്ക് ദുരൂഹതയോ, അവ്യക്തതയോ ഉള്ള ഒന്നുംതന്നെ ഒരു വിഷയത്തിലും കണ്ടെത്തുക സാദ്ധ്യമല്ല.

അഥവാ വല്ല വിഷയത്തിലും അങ്ങനെയുള്ള ഒരു സംശയാവസ്ഥ ഒരാള്‍ക്ക് നിലനില്‍ക്കുകയാണെങ്കില്‍ ആ വിഷയത്തില്‍ പ്രവാചകന്റെ വിധി ‘സംശയമുള്ളത് ഒഴിവാക്കി സംശയമില്ലാത്തതിനെ അവലംബിക്കുക’യെന്നതാണ്. ഇവിടെയെല്ലാമാണ് ഇസ്‌ലാമിന്റെ സുതാര്യത വെളിവാകുന്നത്.
ലോകത്ത് പല മതങ്ങളും തത്വസംഹിതകളും നിലനിന്നിട്ടുണ്ട്, ഇന്നും നിലനില്‍ക്കുന്നുമുണ്ട്. അവയിലേതാണ് അവയുടെ സിദ്ധാന്തങ്ങള്‍ പരത്തിപ്പറയുകയല്ലാതെ, സംക്ഷിപ്തമായി എണ്ണിപ്പറഞ്ഞ് അനുയായികള്‍ക്ക് പിന്തുടരാന്‍ പാകത്തിന് സമര്‍പ്പിച്ചിട്ടുള്ളത്? എന്നാല്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അങ്ങിനെയല്ല. അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങള്‍ ആറും അനുഷ്ഠാനകാര്യങ്ങള്‍ അഞ്ചും എന്ന് തിട്ടപ്പെടുത്തിതന്നെ പഠിപ്പിച്ചിരിക്കുന്നു. അതില്‍ നിന്നുതന്നെ ഇസ്‌ലാമിന്റെ സുതാര്യത അഥവാ സുവ്യക്തത ആര്‍ക്കും ബോദ്ധ്യപ്പെടുന്നതാണ്.

ആറു വിശ്വാസ കാര്യങ്ങള്‍ (1) ദൈവത്തിന്റെ അസ്തിത്വത്തിലുള്ള വിശ്വാസം, (2) അവന്റെ മാലാഖമാരിലുള്ള വിശ്വാസം, (3) അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, (4) അവന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം, (5) അന്ത്യനാളിലുള്ള വിശ്വാസം, (6) നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്നുള്ള വിശ്വാസം. അനുഷ്ഠാനകാര്യങ്ങളായി കല്‍പിച്ചരുളിയിരിക്കുന്നത് അഞ്ചുകാര്യങ്ങളാണ്- (1) അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുമുള്ള സത്യസാക്ഷ്യപ്പെടുത്തല്‍, (2) ദിവസവും നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ള നമസ്‌ക്കാരമെന്ന ആരാധനാകര്‍മ്മം സമയനിഷ്ഠപ്രകാരം അനുഷ്ഠിക്കുക, (3) അവനവന് അവകാശപ്പെട്ട ധനത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം നിശ്ചിത അംശം നിര്‍ബന്ധദാനമായി അര്‍ഹതയുള്ളവര്‍ക്ക് കൊടുക്കുക, (4) റംസാന്‍ മാസത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന വ്രതാനുഷ്ഠാനം കൃത്യമായി പുലര്‍ത്തുക, (5) സാമ്പത്തികവും ആരോഗ്യപരവും യാത്രപരവുമായി കഴിയുന്നവരെല്ലാം പരിശുദ്ധ കഅ്ബാലയത്തില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.

മേല്‍പറഞ്ഞ കാര്യങ്ങളിലോരോന്നും പരിശോധിച്ചുവരുമ്പോള്‍, ഒരു വ്യക്തിയുടെ, വ്യക്തിപരവും, കുടുംബപരവും, സാമൂഹ്യവുമായി എല്ലാ ജീവിതവ്യാപാരങ്ങളെയും ഉള്‍ക്കൊള്ളുന്നു. എങ്ങനെ ജീവിക്കണം, എന്തു വിശ്വസിക്കണം, എന്ത് എങ്ങിനെ പ്രവര്‍ത്തിക്കണം, എങ്ങിനെ സമ്പാദിക്കണം, എങ്ങിനെ ചെലവഴിക്കണം തുടങ്ങി ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടിവരുന്ന ഓരോ കാര്യത്തെക്കുറിച്ചും അതിന്റെ വിശദീകരണമെന്നോണം നബി തിരുമേനി നമുക്ക് ജീവിച്ചു കാണിച്ചു തന്നിട്ടുണ്ട്. ആ പാഠങ്ങളൊന്നും തന്നെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തോളുള്ള ഉപദേശങ്ങളല്ല, മറിച്ച് മനുഷ്യകുലത്തോടുള്ളതാണ്. അക്കാരണം കൊണ്ടുതന്നെയാണല്ലോ നബി തിരുമേനിയുടെ ആഗമനത്തിന് തൊട്ടുമുമ്പുണ്ടായിരുന്ന സര്‍വ്വ അധര്‍മ്മങ്ങളുടെയും കുത്തകക്കാരായിരുന്ന ഒരു ജനസമൂഹം നബി തിരുമേനിയുടെ ആശയപന്ഥാവിലേക്കു കൂട്ടത്തോടെ ഒഴുകിയെത്തിയതും അത് ലോകം മുഴുവന്‍ വ്യാപിക്കപ്പെട്ടതും.

മനുഷ്യസാധര്‍മ്മ്യം ഇത്രയധികം വളര്‍ത്തിക്കൊണ്ടുവന്ന, വര്‍ണ്ണ, വര്‍ക്ഷ വിവേചനങ്ങള്‍ ഉച്ഛാടനം ചെയ്ത വേറെ ഏതൊരു ആശയസംഹിതയാണ് ആര്‍ക്കെങ്കിലും ലോകത്ത് കാണിച്ചുതരാന്‍ കഴിയുക. എന്തിനേറെ പറയണം, മനുഷ്യ ഏകോദത്ത്വം എന്ന ആശയത്തിന്റെ സ്വീകാര്യത ഏറ്റവും അധികം അനുഭവപ്പെട്ട ഒരു നാടല്ലേ നമ്മുടേത്. അവര്‍ണ്ണരും, തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി അകറ്റിനിര്‍ത്തപ്പെട്ടു ജീവിതം അതിദുസ്സഹമായി തള്ളിനീക്കിയിരുന്ന ഇന്നാട്ടിലെ എത്രയെത്ര കീഴ്ജാതിക്കാരിയ തഴയപ്പെട്ടവരാണ് ഇസ്‌ലാമിന്റെ ഈ സര്‍വ്വമൈത്രീ സമീപനം കൊണ്ട് മാത്രം ഇസ്‌ലാം മതത്തിലേക്ക് ആകൃഷ്ടരായിവന്നത്. അവരെയൊന്നും ആരും മോഹനസുന്ദര വാഗ്ദാനങ്ങളിലൂടെ വലയിലാക്കിയതല്ല. സ്വമനസ്സാ തീരുമാനമെടുത്തവരും, പില്‍ക്കാലത്ത് അത് ലോകത്തിന്റെ മുന്നില്‍ തന്നെ ഒരു മാതൃകയാവുകയും ചെയ്തിട്ടുള്ളതാണ്. വ്യക്തമായ ഒരു ദൃഷ്ടാന്തമായി നമ്മുടെ കൊടുങ്ങല്ലൂരിന്റെ ചരിത്രം തന്നെ കഥ പറയുന്നില്ലേ. മനുഷ്യന്‍ മനുഷ്യനെ തടയാനും തഴയാനും തുടങ്ങുമ്പോള്‍ അത്തരക്കാരെ തടയാന്‍ ദൈവത്തിന്റെ കൈകള്‍ വന്നെത്തും.

കാര്യങ്ങള്‍ വളരെ ലളിതമാണ്. ഈ പ്രപഞ്ചം, മനുഷ്യനുള്‍പ്പെടെ എല്ലാം പടച്ചതമ്പുരാന്റേത് മാത്രമാണ്. നാം അതിന്റെ താല്‍ക്കാലിക ഉപഭോക്താക്കള്‍ മാത്രം. ‘ഭൂമി അല്ലാഹുവിനുള്ളതാണ്; അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അത് ഏല്‍പിച്ചുകൊടുക്കും’, എന്നല്ലാതെ അത് സ്ഥിരമായാര്‍ക്കും കിട്ടുന്ന തറവാടു സ്വത്തല്ല. അപ്രകാരം തന്നെ സര്‍വ്വ വിഭവങ്ങളും. കമ്മ്യൂണിസം ലോകത്തെത്ര കാലം നിലനിന്നു? സര്‍വ്വാഹങ്കാരത്തിന്റെയും കുത്തകക്കാരായിരുന്നില്ലേ അവര്‍- ലോകത്തെവിടെയുണ്ട് ഇന്ന് യഥാര്‍ത്ഥ കമ്മ്യൂണിസം. ഒരു നൂറ്റാണ്ടിനപ്പുറത്തേക്കൊന്നും മനുഷ്യനിര്‍മ്മിതമായ ഒരു ഘടനയും നിലനില്‍ക്കില്ലെന്ന യഥാര്‍ത്ഥ്യം മനുഷ്യന്‍ ഉള്‍ക്കൊള്ളണം.

പ്രകൃതിനിയമത്തെ വെല്ലുവിളിക്കാനുള്ള ശേഷി മനുഷ്യന്റെ നട്ടെല്ലിനില്ല. പ്രകൃതിനിയമങ്ങള്‍ക്ക് വിധേയരായിക്കൊണ്ട് വിനയപൂര്‍വ്വം ബുദ്ധിയും മനസ്സും ഉപയോഗപ്പെടുത്തി ദൈവം നല്‍കിയ മാര്‍ക്ഷനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചാല്‍ കാണുന്ന വഴിക്കും, കാണാത്തവഴിക്കും നേട്ടങ്ങല്‍ വന്നെത്തും- മനുഷ്യകുലത്തിന്റെ എക്കാലത്തെയും നേട്ടങ്ങളുടെ അനുഭവം അതാണ്. ലാളിത്യം, മിതത്വം എന്നല്ലാതെ, അതിനപ്പുറത്തേക്ക് അഹങ്കാരത്തിന്റെ പടിയിലേക്ക് കാലെടുത്തുവെക്കാന്‍ ആരും ശ്രമിച്ചുകൂടാ. എല്ലാ കാര്യത്തിനും അല്ലാഹു പരിധി നിശ്ചയിച്ചിട്ടുണ്ട്, നബി തിരുമേനി അത് നമുക്ക് പഠിപ്പിച്ചുതന്നിട്ടുമുണ്ട് ‘എല്ലാ കാര്യങ്ങള്‍ക്കും ഒരു അതിര്‍ത്തിയുണ്ട്; അല്ലാഹു നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തി നിഷിദ്ധങ്ങളായിട്ടുള്ള കാര്യങ്ങളാണ്. ആരെങ്കിലും അത് തൊട്ടുകഴിഞ്ഞാല്‍ അവന്‍ തെറ്റില്‍ വീണു കഴിഞ്ഞു.’ അതിനാല്‍ ഓരോരുത്തരം കരുതിയിരിക്കേണ്ടതാണ് അതിര്‍ത്തി ‘വേലി’ സ്പര്‍ശിക്കാതിരിക്കുകയെന്നതാണ്.

മനുഷ്യന് സ്വതേ ഒരു ശീലമുണ്ട്, വിഷയങ്ങള്‍ സങ്കീര്‍ണ്ണമാക്കി ഗ്രാഹ്യത ഇല്ലാതാക്കുക, അത് മുഖേന സ്വയം മഹത്വവല്‍ക്കരിക്കുക. എന്നാല്‍ മികവ് അതല്ല, ലാളിത്യവും, മിതത്വവുമാണ് നബി തിരുമേനി പഠിപ്പിച്ചതെന്നോര്‍ക്കുക. നമ്മുടേതായ ഈ സമൂഹത്തെ തന്നെ നബി തിരുമേനി വിശേഷിപ്പിച്ചത് ‘മദ്ധ്യമ’ സമൂഹം എന്നാണ്. ഏത് വിഷയങ്ങളിലും മിതത്വത്തിനപ്പുറത്തേക്ക് കടന്നുപോകരുത്. സംസാരത്തിലും, പ്രവര്‍ത്തനത്തിലും, ഭാവത്തില്‍പോലും. മദ്ധ്യമാവസ്ഥ ഒരു വിശ്വാസിയുടെ മാന്യതയുടെ മാനദണ്ഡമാണ്. പരിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയും ലുഖ്മാനുല്‍ ഹക്കിം തന്റെ കൊച്ചുമകനെ ഉപദേശിക്കുന്നത്- ‘പ്രിയപ്പെട്ട മകനേ, നീ നടക്കുമ്പോള്‍ മദ്ധ്യമാവസ്ഥയില്‍ നടക്കുക, (സംസാരിക്കുമ്പോള്‍) ശബ്ദം താഴെത്തുക. ഏറ്റവും വെറുപ്പ് തോന്നുന്ന കഴുതയുടെ ശബ്ദംപോലെ സ്വരമുയര്‍ത്തരുത്’ ഇത് സംസാരത്തില്‍ മാത്രമല്ല, വികാര വിചാര പ്രകടനങ്ങളിലും, -അത് സന്തോഷ പ്രകടനമാണെങ്കിലും ദുഃഖപ്രകടനമാണെങ്കിലും. അതുപോലെ തന്നെ ആഹ്ലാദപ്രകടനമാണെങ്കിലും പ്രതിഷേധ പ്രകടനമാണെങ്കിലും. എവിടെയും എന്തിലും ലളിതമാണ് സുന്ദരമാവുക, മിതത്വം മഹത്തരവും; ഈ രീതിക്കാണ് സംസാരത്തിന്റെ വശ്യതയും. ഭദ്രമായ ഒരു സമൂഹത്തിന് അത്യാവശ്യമായ ഒരു ഘടകമാണിത്.

മാതാപിതാക്കള്‍, ഗുരുനാഥന്മാര്‍, ജനനേതാക്കള്‍, ഭരണനായകന്മാര്‍ എന്നിവര്‍ പെരുമാറ്റത്തില്‍ ഭീകരമൂര്‍ത്തികളാണെങ്കില്‍ അവരെ പിന്തുടരുന്നവര്‍ ഭയവിഹ്വലരായിരിക്കും. അത്തരം ഒരു അന്തരീക്ഷത്തില്‍ എങ്ങിനെ സമാധാനവും നിര്‍ഭയത്വവും നിലനില്‍ക്കും. വിശേഷിച്ചും ഭരണാധികാരിയുടെ മാനസികനിലപാട് പൗരന്മാര്‍ക്ക് വളരെ പ്രധാനമാണ്. കാരണം, ജനത്തിന്റെ മനസ്സാണല്ലോ ഒരു രാജ്യത്തിന്റെ സത്ത. അതോടൊപ്പം പുലര്‍ത്തേണ്ടുന്ന അതിപ്രധാനമായ മറ്റൊരു രാജ മാന്യത പൗരന്മാരെല്ലാവരെയും തുല്യരായി കണക്കാക്കുകയെന്നതാണ്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്നതും അതു തന്നെയാണ്. വിനയവും സുതാര്യതയും നിലനില്‍ക്കുന്നേടത്ത് മാത്രം നന്മ വളര്‍ന്നുവരികയുള്ളൂ- നമ്മുടെ രാജ്യം, രാഷ്ട്രനിര്‍മ്മാതാക്കള്‍ സ്വപ്‌നംകണ്ടപോലെ ഒരു പൂങ്കാവനമെന്ന വിവക്ഷ സാക്ഷാല്‍കരിക്കപ്പെട്ടാന്‍ ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോര, രാജ്യത്തിന്റെ ചുക്കാന്‍പിടിക്കുന്നവര്‍ അതിനു സന്നദ്ധരാവണം.

SHARE