ചേരികളിലും വഴിയോര കച്ചവടക്കാര്‍ക്കും സഹായവുമായി പഞ്ചാബ് പൊലീസ്

അമൃത്‌സര്‍: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക്ഡൗണായതോടെ സംസ്ഥാനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടുപ്പിക്കുകയാണ്. ജനങ്ങള്‍ നിരത്തിലിരങ്ങി കൂട്ടം കൂടുന്നത് തടയാന്‍ കര്‍ശന നടപടികളാണ് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. അതേസമയം ക്യാപ്റ്റര്‍ അമരീന്ദര്‍ സിങ് നേതത്വം നല്‍കുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്നുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ലോക്ക്ഡൗണില്‍ നടപ്പാകുന്ന കടുത്തനിയന്ത്രണങ്ങളെത്തുടര്‍ന്ന് ആളുകള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ പാവപ്പെട്ടവരുടെ വീട്ടുപടിക്കല്‍ ആവശ്യസാധനങ്ങളെത്തിച്ചാണ് പഞ്ചാബ് പൊലീസ് മാതൃകയാവുന്നത്.

കച്ചവട വസ്തുക്കള്‍ മൊത്തമായി പൊലീസ് വാങ്ങുന്നതോടെ ഓരേസമയം വഴിയോരത്ത് ആളുകള്‍ കൂടുന്നത് ഇല്ലാതാവുകയും ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചു നല്‍കാനും പൊലീസിന് കഴിയുന്നതുമാണ് പ്രവൃത്തി മികച്ചതാക്കുന്നത്.

വഴിയോരക്കച്ചവടക്കാരില്‍ നിന്നും സാധാനങ്ങള്‍ പണം നല്‍കി വാങ്ങി അത് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പഞ്ചാബ് പൊലീസിന്റെ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി തന്നെ അഭിനന്ദിക്കുയുണ്ടായി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച 65 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, രണ്ടു പൊലീസ് ഉദ്യോഗസ്ഥർ പച്ചക്കറിക്കടയിൽനിന്ന് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കോളിഫ്ളവർ എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ വാങ്ങുന്നത് കാണാം. ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും കടക്കാരനും സാനിറ്റൈസർ നൽകുകയും ചെയ്യുന്നു. പച്ചക്കറികൾ ജീപ്പില്‍ കയറ്റി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യുന്നു. വിഡിയോയ്ക്കൊപ്പം അമരീന്ദർ സിങ് ‘വെൽഡൻ പഞ്ചാബ് പൊലീസ്’ എന്നും കുറിച്ചിട്ടുണ്ട്.

കോറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നിതിനിടെ ആവശ്യസാധനങ്ങള്‍ക്കായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് ഫണ്ട് അനുവദിച്ചിരുന്നു. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവ നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും എസ്ഡിഎമ്മുകള്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 20 കോടി രൂപയാണ് അനുവദിച്ചത്.

അതേസമയം, പകര്‍ച്ചവ്യാധിയായ കോവിഡ് -19 വൈറസ് പടരുന്നത് തടയാന്‍ മെഡിക്കല്‍ വിദഗ്ധരും സര്‍ക്കാരും ആവശ്യപ്പെടുന്ന സാമൂഹിക അകലം പൗരന്മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ കര്‍ശന നടപടികള്‍ക്കും പഞ്ചാബ് പൊലീസ് മുതിരുന്നുണ്ട്. കര്‍ഫ്യൂ ലംഘിക്കുന്ന ലാത്തി ചാര്‍ജ് ചെയ്യുന്നതടക്കം കടുത്ത ശിക്ഷാ നടപടികളിലേക്കാണ് പോലീസ് മുതിരുന്നത്.