ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം: 13 പേര്‍ കൊല്ലപ്പെട്ടു

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളി ല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെതന്നെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ അക്രമ സംഭവങ്ങളും വ്യാപകമായി.
പലയിടങ്ങളിലും വെടിവെപ്പും ബോംബ് സ്‌ഫോടനവും കത്തിക്കുത്തും നടന്നു. വോട്ടെടുപ്പ് തടയുകയും ബാലറ്റ് പേപ്പര്‍ നശിപ്പിക്കുകയും ചെയ്തതോടെ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് മുടങ്ങി. അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബെഹാര്‍, നോര്‍ത്ത് 24 പര്‍ഗാന എന്നിവിടങ്ങളിലെല്ലാം വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ദക്ഷിണ 24 പര്‍ഗാനയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ദെബു ദാസിനെയും ഭാര്യയെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുട്ടുകൊന്നതായി സി.പി.എം ആരോപിച്ചു. ഇവരുടെ വീടിന് ഞായറാഴ്ച രാത്രി തീയിടുകയായിരുന്നെന്നാണ് ആരോപണം.
കൂച്ച് ബഹര്‍ ജില്ലയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ബാംങ്കറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു. നോര്‍ത്ത് 24 പര്‍ഗാനയിലെ സന്ദന്‍പൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുര്‍ഷിദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി – തൃണമൂല്‍ സംഘര്‍ഷമുണ്ടായി. ബാലറ്റ് പേപ്പറുകള്‍ നശിപ്പിച്ചതിനാല്‍ ഇവിടെ വോട്ടിങ് മുടങ്ങി. ഇതിന് പിന്നാലെ ഇവിടെ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീവെക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിച്ചില്ല.
അസന്‍സോളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെയും ഉലുബയില്‍ പൊലീസിന് നേരെയും ബോംബേറുണ്ടായി. അതേസമയം സംസ്ഥാന നഗര വികസന മന്ത്രി രബീന്ദ്ര നാഥ് ഘോഷ് നടബാരി ബൂത്തില്‍ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ബാലറ്റ് ബോക്‌സുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ തടയുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
3,358 ഗ്രാമപഞ്ചായത്തുകളിലെ 16,814 വാര്‍ഡുകളിലും 341 പഞ്ചായത്ത് സമിതികളിലെ 9,217 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളും മത്സര രംഗത്തുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

SHARE