ആര്‍.എസ്.എസ് സിലബസിലുള്ള സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ മമത സര്‍ക്കാര്‍ ഉത്തരവിട്ടു

 

കൊല്‍ക്കത്ത: ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ആര്‍എസ്എസ് വീക്ഷണകോണിലുള്ള സിലബസ് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള 500 സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 493 സ്‌കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി നിയമസഭയെ അറിയിച്ചു.

സര്‍ക്കാറിന്റെ എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എങ്ങനെ ദണ്ഡ് ഉപയോഗിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും ആര്‍എസ്എസ് ആണെങ്കിലും അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയ 125 സ്‌കൂളുകളില്‍ 12 എണ്ണം നടത്തുന്നത് വിവേകാനന്ദ വിദ്യാവികാസ് പരിഷത്താണ്. സര്‍ക്കാര്‍ നോട്ടീസിനെതിരെ കൊല്‍ക്കത്താ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 2012 ല്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ ഇതുവരെ ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.