ദുബൈ: സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ വൈവിധ്യമാര്‍ന്ന മൃഗങ്ങളുമായി ദുബൈ സഫാരി. വിവിധ ഇനങ്ങളില്‍പെട്ട 175 പേരാണ്് ഇവിടെ അതിഥികളായി എത്തിയിട്ടുള്ളത്. ഇവരില്‍ മൂന്ന് ആഫ്രിക്കന്‍ വെളുത്ത സിംഹങ്ങളാണ് ഏറെ പേരെ ആകര്‍ഷിക്കുന്നത്. 22 പ്രത്യേകതരം മാനുകള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, 12 പാമ്പുകള്‍, രണ്ട് മുതലകള്‍, ആമകള്‍ തുടങ്ങി പുതിയ ഇനം പക്ഷികളും സഫാരിയിലെത്തിയിട്ടുണ്ട്. 119 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ 25,000 ലധികം മൃഗങ്ങള്‍ക്ക് വസിക്കാനാവും. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മൃഗങ്ങളെ പാര്‍ക്കിലെത്തിക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ തുറന്ന പാര്‍ക്കിലേക്ക് ആദ്യത്തെ രണ്ട് ദിവസത്തില്‍ മാത്രം 14,000 സന്ദര്‍ശകരാണ് എത്തിയിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.