ഛത്തീസ്ഗഡില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ഛത്തീസ്ഗഡില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് ഭൂപേഷ് ഭാഗല്‍ പറഞ്ഞു. ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയം മൂലം നാം വലിയ പ്രതിസന്ധിയിലാണ്. ‘കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ നമ്മെ തെറ്റായ ദിശയില്‍ നയിക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണ്’- ഭാഗല്‍ പറഞ്ഞു. എന്‍.ആര്‍.സി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ മുഖ്യമന്ത്രിമാര്‍ രംഗത്ത് വന്നതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പഞ്ചാബ്, കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഡല്‍ഹി, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഡല്‍ഹി, ബെംഗളൂരു, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം കനക്കുകയാണ്. ബെംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അതിനെ വെല്ലുവിളിച്ച് ജനങ്ങള്‍ രംഗത്തിറങ്ങി. ഡല്‍ഹിയില്‍ പ്രക്ഷോഭം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സീതാറാം യെച്ചൂരി, ഡി. രാജ, യോഗന്ദ്ര യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളേയും അക്കാദമിഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.

SHARE