ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും അപകടം; ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ ചാടിയ യുവതി മരിച്ചു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ്ടും അപകടമരണം. ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ തിരുവമ്പാടി അമ്പലപ്പാറ എളേടത്ത് സ്വദേശി വിജീഷിന്റെ ഭാര്യ അമൃതയാണ് മരണപ്പെട്ടത്. തിരുവമ്പാടി തോട്ടത്തിന്‍ കടവ് ഇരുവഴിഞ്ഞിപുഴയില്‍ കുളിക്കുന്നന്നതിനെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ കുട്ടി ഒഴുക്കില്‍പെടുകയായിരുന്നു.

കുട്ടിയെ രക്ഷിക്കുന്നതിനിടെ അമൃത പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അമൃതയെ കരക്കെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുക്കില്‍ പെട്ട ജീവന്‍ (13) കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

അതേസമയം ഇരുവഴിഞ്ഞിപ്പുഴയില്‍ ഇത് തുടര്‍ച്ചയായ മൂന്നാമത്തെ അപകടമാണ് നടക്കുന്നത്. ആനക്കാമ്പൊഴില്‍ പതങ്കയത്ത് ഒഴുക്കില്‍പെട്ട കൊണ്ടോട്ടി സ്വദേശി ആശിഖിനായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ കനത്ത മലവെള്ളപ്പാച്ചിലില്‍ ആനക്കാംപൊയില്‍ കിളിക്കല്ലില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയിരുന്നു. മുക്കം നീലേശ്വരം സ്വദേശി ആദില്‍ (20), കൊടിയത്തൂര്‍ സ്വദേശി റാസിം (20), തിരുവമ്പാടി സ്വദേശി ബിന്‍ സിന്‍ (20) എന്നിവരാണ് മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ കുടുങ്ങിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ മൂവര്‍സംഘം 3.30 ഓടെ മലവെള്ളപ്പാച്ചിലില്‍ പുഴയുടെ മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നു. പുഴയുടെ മറുകരയില്‍ വനത്തിനുള്ളില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമാണ് ഇവരെ രക്ഷിച്ചത്.

SHARE