നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കരുത്തരായ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച കരീബിയൻ സംഘം പാകിസ്താനെ 21.4 ഓവറിൽ 105 റൺസിനു പുറത്താക്കി. 27 റൺസിന് നാലു വിക്കറ്റെടുത്ത ഒഷിയൻ തോമസിന്റെയും 42 റൺസിന് മൂന്നു വിക്കറ്റെടുത്ത ജേസൺ ഹോൾഡറിന്റെയും മികവിലാണ് വിൻഡീസ് തകർത്താടിയത

മൂന്നാം ഓവറിൽ ഇമാമുൽ ഹഖിനെ (2) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് ഷെൽഡൻ കോട്ട്‌റൽ തുടങ്ങിവെച്ച വിക്കറ്റ്‌കൊയ്ത്ത് മറ്റു ബൗളർമാരും ഏറ്റെടുത്തതോടെ പാകിസ്താന്റെ നില പരുങ്ങലിലായി. ഫഖർ സമാൻ (22), ബാബർ അസം (22) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്‌കോറർമാർ. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് പാകിസ്താന് പ്രതീക്ഷ പകർന്നിരുന്നെങ്കിലും പിന്നീട് ടീം കൂട്ടത്തകർച്ച നേരിടുകയായിരുന്നു. വിൻഡീസ് ബൗളർമാരുടെ ഷോർട്ട്പിച്ച് പന്തുകൾക്കു മുന്നിൽ പാക് ബാറ്റ്‌സ്മാന്മാർക്ക് ചുവടുപിഴച്ചു.

ഒമ്പത് വിക്കറ്റിന് 83 എന്ന നിലയിൽ തകർന്ന പാകിസ്താനെ മൂന്നക്കം കടത്തിയത് വഹാബ് റിയാസിന്റെ (18) വെടിക്കെട്ടാണ്. 11 പന്തിൽ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു റിയാസിന്റെ ഇന്നിങ്‌സ്.