കടയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം; ഏത്തമിടീച്ച് യതീഷ് ചന്ദ്ര; വീഡിയോ

കണ്ണൂര്‍; ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങളെ പൊലീസ് നേരിടുന്ന നടപടി നേരത്തെ വിമര്‍ശനവിധേയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പൊലീസിന് താക്കീത് നല്‍കി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ഇടപെടലില്‍ മയം വന്നിരുന്നുവെങ്കിലും ഇതാ മറ്റൊരു വിവാദത്തിന് വഴിവെക്കുന്ന നടപടി ഉണ്ടായിരിക്കുന്നു. കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് നടുറോഡില്‍ ഏത്തമിടിച്ചതാണ് പുതിയ സംഭവം. കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പൊലീസ് ഏത്തമീടിച്ച് ശിക്ഷ നല്‍കുന്നത്.

രാവിലെ പെട്രോളിങിന് ഇറങ്ങിയ സമയത്താണ് വളപ്പട്ടണം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട അഴീക്കലില്‍ തുറന്ന കടയ്ക്ക് സമീപം ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടത്. എസ്പി വണ്ടി നിര്‍ത്തിയതിന് പിന്നാലെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ മറ്റുള്ളവരെ വിളിച്ച് ചേര്‍ത്ത് നടുറോഡില്‍വച്ച് ഏത്തമിടിക്കുകയായിരുന്നു.

പ്രധാനമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറയുന്നു. ജില്ലാ ഭരണകൂടം പറയുന്നു. നാട്ടുകാര്‍ പറയുന്നു. പത്രം പറയുന്നു. ആളുകൂടരുതെന്ന്. എന്നിട്ടും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇനി മേലില്‍ ആരെയെങ്കിലും പുറത്തുകണ്ടാല്‍ അടിച്ചോടിക്കുമെന്നും എസ്പി പറഞ്ഞു. ഇതിനിടെ ന്യായീകരിക്കാന്‍ വന്ന ഒരു വീട്ടമ്മയോട് വക്കാലത്തുമായി വരേണ്ടെന്നും നിങ്ങളും വന്ന് ചെയ്‌തോ. അല്ലെങ്കില്‍ പോ എന്നും എസ്പി പറയുന്നു.

ജില്ലയില്‍ ഇന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പത്തുകിലോമീറ്റര്‍ സഞ്ചരിച്ച് മീന്‍ വാങ്ങാന്‍ എത്തിയ ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.