കര്‍ഷകരെ തല്ലിച്ചതച്ച് യോഗി സര്‍ക്കാര്‍; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ പോലീസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്.
മിര്‍സാപൂരിലെ കൃഷിഭൂമി നികത്തി റെയില്‍വേ ട്രാക്ക് പണിയാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.

ഞായറാഴ്ചയാണ് അദാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്ള കുന്‍ന്ധാതി കര്‍ഹത് മേഖലയിലുള്ള കൃഷിയിടം ഏറ്റെടുക്കാന്‍ അധികൃതര്‍ എത്തിയത്. പോലീസും ജെസിബിയുമായാണ് പ്രദേശത്ത് അധികൃതര്‍ എത്തിയത്. ജെസിബി ഉപയോഗിച്ച് പാടം നികത്താന്‍ അധികൃതര്‍ ഒരുങ്ങിയതോടെ കര്‍ഷകര്‍ തടയുകയായിരുന്നു.ഭൂമി ഏറ്റെടുക്കല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും നിരവധി കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.വിളവെടുപ്പിന് ശേഷമേ ഭൂമി ഏറ്റെടുക്കുള്ളൂവെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയതെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ പോലീസുകാര്‍ നടപടിയുമായി മുന്നോട്ട് നീങ്ങുകയായിരുന്നു.

ഇതോടെ കര്‍ഷകര്‍ പ്രതിഷേധം തീര്‍ത്തു.എന്നാല്‍ ഇവര്‍ക്ക് നേരെ പോലീസ് ലാത്തി ചര്‍ജ്ജ് നടത്തി. ജെസിബി തടയാന്‍ ശ്രമിച്ച സ്ത്രീകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയും പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയിരുന്നു.അക്രമത്തിനെതിരെ ട്വിറ്ററില്‍ സംഘര്‍ഷത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

കഠിന പ്രയത്‌നത്തിലൂടെ മിര്‍സാപൂരിലെ കര്‍ഷകര്‍ അവരുടെ പാടങ്ങളില്‍ വിളവുണ്ടാക്കിയത്. എന്നാല്‍ അതെല്ലാം ബിജെപി സര്‍ക്കാരിന്റെ പോലീസ് ചവിട്ടി മെതിച്ച് കളഞ്ഞു, പ്രിയങ്ക പറഞ്ഞു.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കര്‍ഷകര്‍ക്ക് കുറെ കപട വാഗ്ദാനങ്ങള്‍ നല്‍കി 24 മണിക്കൂറ് പൂര്‍ത്തിയാകും മുന്‍പാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് നേരെ പോലീസ് ക്രൂരമായ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണ്, പ്രിയങ്ക ട്വീറ്റില്‍ കുറ്റപ്പെടുത്തി.