ബൈക്ക് പൊലീസ് പിടിച്ചെടുത്തു; നടുറോഡില്‍ തീകൊളുത്തിയ യുവാവ് മരിച്ചു

രാജാക്കാട്: ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്ത സംഭവത്തില്‍ നടുറോഡില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ഇയാള്‍ക്ക് 75 ശതമാനം പൊള്ളലേറ്റിരുന്നുവെന്നാണ് വിവരം.

ഞായറാഴ്ച ഉച്ചയോടെ സൂര്യനെല്ലിയിലാണ് സംഭവമുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ബൈക്ക് സമീപത്തെ ഒരു കടയുടെ സമീപം വാങ്ങിവെയ്ക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുമ്പിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലാക്കി. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുന്‍പ് പലതവണ പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു.

SHARE