കോട്ടയം: യുവതി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം.

രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. രക്തം ഒലിച്ച് കിടന്ന തന്‍സീമിനെ നാട്ടുകാര്‍ ചേര്‍ന്ന് മുണ്ടക്കയത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. എറണാകുളത്ത് സ്വകാര്യ സ്‌കൂളില്‍ അധ്യാപകനാണ് തന്‍സീം. എറണാകുളത്ത് തന്നെ ജോലിചെയ്യുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ തസ്‌നീം ഇവിടെയെത്തി. പെണ്‍ക്കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. ഇതോടെ ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറക്കുകയായിരുന്നു.

കഴുത്തില്‍ അഞ്ച് സ്റ്റിച്ചുകള്‍ ഉണ്ടെന്നും തന്‍സീമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.