മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി; യുവാവ് അറസ്റ്റില്‍

മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശൂര്‍ മുളങ്കുന്നതുകാവ് സ്വദേശി അനില്‍ കുമാറാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകയില്‍ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസായി ഇടുകയായിരുന്നു. യുവതി ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നത്തുകാവില്‍ നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

SHARE