മെസ്സി ബാഴ്‌സ വിടുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സിദാന്‍

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. സ്‌പെയിന്‍ വിട്ട് മെസ്സി പോയാല്‍ അത് ലാ ലിഗയ്ക്ക് വന്‍നഷ്ടമാകുമെന്നും ബാഴ്‌സലോണ വിട്ട് മെസ്സി പോകരുതെന്നും സിദാന്‍ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസ്സി. ആ മെസ്സി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങള്‍ എതിരാളികളായി ഉണ്ടായാലേ റയല്‍ മാഡ്രിഡ് മെച്ചപ്പെടൂ, സിദാന്‍ വ്യക്തമാക്കുന്നു. അതേസമയം മെസ്സി ബാഴ്‌സ വിടുമെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സയുമായുള്ള മെസ്സിയുടെ നിലവിലെ കരാര്‍ 2021-ല്‍ അവസാനിക്കും. എന്നാല്‍ ബാഴ്‌സയില്‍ തുടരാന്‍ മെസ്സിക്ക് താത്പര്യമില്ലെന്നും കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായും സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെര്‍ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരിയില്‍ ബാഴ്‌സ മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കിയതിന് കാരണം താനാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബാഴ്‌സ ടീം മാനേജ്‌മെന്റിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

SHARE