ടെല്‍അവീവ്: മസ്ജിദുല്‍ അഖ്‌സയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കിയ അല്‍ജസീറ ചാനലിന്റെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഫലസ്തീനികളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകളാണ് അല്‍ജസീറ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മസ്ജിദുല്‍ അഖ്‌സയിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധ പരിപാടികളെക്കുറിച്ച് അല്‍ജസീറ നല്‍കിയ വാര്‍ത്തകളാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ജറൂസലമിലെ അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടാന്‍ നിയമപരമായ പ്രതിബന്ധങ്ങളുണ്ട്. അല്‍ജസീറയെ പുറത്താക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് നെതന്യാഹു വ്യക്തമാക്കി.