Connect with us

Video Stories

അഴിഞ്ഞുവീണ പൊയ്മുഖം

Published

on

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പൊയ്മുഖങ്ങള്‍ നിനച്ചിരിക്കാതെ അഴിഞ്ഞുവീഴുന്നതുകണ്ട് ഊറിച്ചിരിക്കുകയാണിപ്പോള്‍ കേരള ജനത. സര്‍ക്കാരുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്നും ഇന്നലെയുമായി പുറത്തുവന്ന രണ്ടു സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനെ വിശ്വസിച്ചേല്‍പിച്ച അധികാരം രാഷ്ട്രീയ ലാക്കിനുവേണ്ടി ദുരുപയോഗം ചെയ്തതായാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ടീം സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ മറയാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് കേരളഹൈക്കോടതി. അഴിമതി വിരുദ്ധതയുടെ മുഖമായി പിണറായിസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജേക്കബ്‌തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തയാണ് മറ്റൊന്ന്. രണ്ടു സംഭവങ്ങളിലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുമ്പേതന്നെ ആരോപിക്കപ്പെട്ട രാഷ്ട്രീയ ദുഷ്ടലാക്കാണ് പട്ടാപ്പകല്‍ അഴിഞ്ഞുവീണിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 25ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് രണ്ടാഴ്ചക്കുശേഷം ഒക്ടോബര്‍ പതിനൊന്നിനാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അഴിമതിയും മാനഭംഗവുമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭായോഗങ്ങള്‍ക്കുശേഷം മുന്‍കാലങ്ങളില്‍ പതിവുള്ള വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കാറുള്ള പിണറായി വിജയന്‍ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിച്ചുവരവെയാണ് ഇത്തരമൊരു കേസെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ അര നൂറ്റാണ്ടിലേറെ സുതാര്യമാര്‍ന്ന, തേജസ്സുറ്റ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടിയെയും മറ്റും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തി തങ്ങളുടെ ഇരിപ്പിടം ഭദ്രമാക്കുക എന്ന ദുഷ്ട ചിന്തയായിരുന്നു ഇത്തരത്തിലുള്ളൊരു പ്രഖ്യാപനത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് അന്നുതന്നെ പരക്കെ ആക്ഷേപമുയര്‍ന്നതാണ്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ നിയമാനുസരണം വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വിശദീകരണം. കേരളം അതിന്റെ മഹിതമായ രാഷ്ട്രീയ ചരിത്രത്തിലിതുവരെയും കാണാത്ത രീതിയിലുള്ള വൃത്തികെട്ട നടപടിയായിപ്പോയി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. എന്നാല്‍ ഇതിനെതിരെ രാഷ്ട്രീയമായും സമാധാനപരമായും പ്രതികരിക്കുക മാത്രമാണ് യു.ഡി.എഫ് ചെയ്തത്. നിയമസഭാസമ്മേളനം വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതിനെതുടര്‍ന്ന് സമ്മേളനം ചേര്‍ന്നെങ്കിലും അവിടെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. സി.പി.എം ആകട്ടെ എന്തോ നിധികിട്ടിയ കുറുക്കന്റെ വെപ്രാളത്തോടെ കേരളത്തിലാകമാനം വിഷയത്തെ ദുരുപയോഗിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിന്മേലാണ് വ്യക്തിയെ കളങ്കപ്പെടുത്തുന്ന ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയല്ലെന്ന കേരള ഹൈക്കോടതിയുടെ ചൊവ്വാഴ്ചത്തെ പരാമര്‍ശം. മാത്രമല്ല, സോളാര്‍ കമ്മീഷനും സര്‍ക്കാരും ഉയര്‍ത്തിക്കാട്ടിയ കേസിലെ മുഖ്യപ്രതി സരിതയുടെ കത്ത് രണ്ടു മാസത്തേക്ക് പ്രസിദ്ധീകരിക്കുന്നതിനെ കോടതി വിലക്കിയിരിക്കുകയുമാണ്. കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിലക്കുണ്ട്.
യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലൊരു ബഹുമാന്യ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എമ്മും സര്‍ക്കാരും കാണിച്ച തിടുക്കവും ഔല്‍സുക്യവും അവര്‍ക്കുതന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഒരു നേതാവിന്റെ മാത്രമല്ല, ഏതൊരു പൗരന്റെയും സ്വകാര്യതയും സ്വാഭിമാനവും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതും അയാള്‍ അപമാനിതനാകുന്നതും ഭരണഘടനയുടെ മൗലികാവകാശപ്രകാരം തീര്‍ത്തും തെറ്റായ കാര്യമാണ്. ഇത് പാലിച്ചുകിട്ടുന്നതിനായാണ് രാഷ്ട്രീയ വേദികള്‍ക്കപ്പുറമുള്ള നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിതനാക്കിയത്. മുഖ്യമന്ത്രിയായിരിക്കെ പിതൃതുല്യനായി വിശേഷിപ്പിച്ച വ്യക്തിയാണ് അദ്ദേഹത്തിനെതിരെ മാനഭംഗ ആരോപണവുമായി രംഗത്തുവന്നത്. ഇതിനെ പ്രതിപക്ഷമായിരിക്കുമ്പോള്‍ തന്നെ പരമാവധി മുതലെടുക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം. എന്നാല്‍ ധൈര്യസമേതം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. വാദത്തിനിടെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിനുവേണ്ടി വാദിച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനുതന്നെ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത അവസ്ഥ ദയനീയമായിരുന്നു. കേസിന്റെ വിചാരണ ജനുവരി പതിനഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. സോളാര്‍ പോലെ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളൊരു കേസില്‍ നടപടിക്ക് മുതിരുന്നതിനുമുമ്പ് ഒരു ഭരണകൂടത്തിന് അതിനുവേണ്ട ഹോംവര്‍ക്ക് ചെയ്യേണ്ട സാമാന്യമായ വിവരം പോലുമില്ലായിരുന്നുവെന്നതിന് തെളിവായിരുന്നു സുപ്രീംകോടതി അഭിഭാഷകനെ നിയമോപദേശത്തിനായി സമീപിച്ച സര്‍ക്കാരിന്റെ പിന്നീടുള്ള തീരുമാനം. അന്നുതന്നെ ശിപാര്‍ശ പ്രകാരം സരിതയുടെ കത്തും കമ്മീഷന്‍ റിപ്പോര്‍ട്ടും നിയമപരമായി ആധികാരികമല്ലെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ സര്‍ക്കാരിന് കനത്ത പ്രഹരമേറ്റുവെന്നതാണ് നേര്.
ഇതിനു സമാനമാണ് ഒന്നര കൊല്ലത്തോളം കൊണ്ടുനടന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന ്പുറത്താക്കിക്കൊണ്ട് ഇതേസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഉത്തരവ്. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന ജേക്കബ് തോമസിന്റെ ഡിസംബര്‍ ഒന്‍പതിലെ തിരുവനന്തപുരം പ്രസ്‌ക്ലബിലെ പ്രസംഗമാണ് നടപടിക്ക് കാരണമെന്നാണ് അറിയുന്നത്. ഇതേപാര്‍ട്ടിക്കാരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് അഴിമതി വേരോടെ പിഴുതെറിയുമെന്ന ്‌വാഗ്ദാനം ചെയതതെന്ന് ഓര്‍ക്കണം. അഴിമതി വിരുദ്ധ വിജിലന്‍സ് ബ്യൂറോയുടെ ഡയറക്ടറായി കൊണ്ടുവന്ന ഇദ്ദേഹത്തെ യു.ഡി.എഫ് സര്‍ക്കാരിനെതിരായ വാളായി ഉപയോഗിക്കുകയായിരുന്നു പിണറായിയും കൂട്ടരും. അദ്ദേഹത്തിനെതിരെ ക്രമക്കേടുകളുന്നയിക്കപ്പെട്ടപ്പോഴാകട്ടെ യു.ഡി.എഫ് വിജിലന്‍സ് തത്തയുടെ ചിറകുകള്‍ അരിഞ്ഞതായി പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹത്തിനു തന്നെ ജേബക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റേണ്ടിയും നിര്‍ബന്ധിച്ച് അവധിയെടുപ്പിക്കേണ്ടിയും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടിയും വന്നിരിക്കുന്നു. അധികാരം ജനങ്ങളുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്നതിനാണെന്നും രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവില്ലാതെ പോയതാണ് നാടു ഭരിക്കുന്ന നേതാക്കള്‍ക്കു പറ്റിയ ശരിയായ തെറ്റ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending