ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളന്മാര്‍ക്കെല്ലാം മോദി എന്ന പേരു വരുന്നത് എന്തുകൊണ്ടായിരിക്കുമെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കോളാര്‍, ചിത്രദുര്‍ഗ മേഖലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു.

കാവല്‍ക്കാരന്‍ കള്ളനാണ്, മുതലാളിത്ത ചങ്ങാത്തം പുലര്‍ത്തുകയാണ് അദ്ദേഹം. അവര്‍ കള്ളന്മാരുടെ കൂട്ടമാണ്-രാഹുല്‍ പറഞ്ഞു. കര്‍ഷകരും വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം കൈക്കലാക്കി നീരവ് മോദി, വിജയ് മല്യ, ലളിത് മോദി എന്നിങ്ങനെ ഭീമന്മാര്‍ക്ക് നല്‍കുകയാണ്. എന്തു കൊണ്ടാണ് കള്ളന്മാര്‍ക്ക് മോദി എന്ന പേരു വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇനിയും അന്വേഷിച്ചാല്‍ നിരവധി മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.