പയ്യാവൂര്‍: കണ്ണൂരില്‍ മകന്‍ ഷാരോണിനെ പിതാവ് സജി കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വീട്ടില്‍ നിന്ന് നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തിനാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവുകളേറ്റ ഷാരോണ്‍ ആശുപത്രിയിലേക്ക് പോകവേയാണ് മരിച്ചത്.

വൈകീട്ട് മൂന്നരയോടെയാണ് പയ്യാവൂര്‍ ഉപ്പ് പടന്നയില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ സജി മകന്‍ ഷാരോണിനെ വട്ടം പിടിച്ച് പുറകില്‍ കൂടി രണ്ട് തവണ ആഞ്ഞ് കുത്തി. ഒന്ന് ചെറുക്കാന്‍ പോലും ഷാരോണിന് ആയില്ല. പരിക്കേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ആശുപത്രിയിലേക്കും അവിടുന്ന് കണ്ണൂരേക്കും കൊണ്ടുപോയെങ്കിലും ആംബുലന്‍സില്‍ വച്ച് തന്നെ ഷാരോണ്‍ മരിച്ചു.

സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസം. അമ്മ അഞ്ച് വര്‍ഷമായി വിദേശത്ത് ഹോം നഴ്‌സാണ്. സ്ഥിരം മദ്യപാനിയാണ് സജി. മക്കളുമായി പലകാര്യങ്ങള്‍ക്കും എന്നും വീട്ടില്‍ വഴക്കിടുമായിരുന്നു. പുറത്ത് നിന്ന് ആളുകളെ കൂട്ടി വീട്ടില്‍ വന്ന് മദ്യപിക്കുന്നതിനെ മകന്‍ നിരന്തരം എതിര്‍ത്തിരുന്നു.

പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് ഇന്നലെ സജിയും മകന്‍ ഷാരോണും തമ്മില്‍ തര്‍ക്കമുണ്ടായി. പിടിവലിയായപ്പോള്‍ സജിയുടെ നെറ്റിക്ക് പരിക്കേറ്റു. ഇതാണ് മകനോടുള്ള വൈരാഗ്യം കൂടാന്‍ കാരണം. മകനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തിയും വാങ്ങിയാണ് സജി വൈകിട്ട് വീട്ടിലെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.