ഇങ്ങനെയൊരു ഫൈനല്‍ ഇതിന് മുമ്പ് കൊച്ചിയില്‍ നടന്നിട്ടില്ല. കളത്തില്‍ ഏറ്റവും മികച്ച താരങ്ങള്‍. കളത്തിന് പുറത്ത് സച്ചിനും സൗരവും നിതാ അംബാനിയും മുകേഷ് അംബാനിയും അമിതാഭുമുള്‍പ്പെടെ വി.വി.ഐ.പികള്‍. ഗ്യാലറിയില്‍ അരലക്ഷത്തിലധികം കാണികള്‍. ടെലിവിഷന് മുന്നില്‍ ലക്ഷോപലക്ഷം ആരാധകര്‍. മീഡിയാ ബോക്‌സില്‍ കളിയെ കൂലംകഷമായി വിലയിരുത്തുന്നവര്‍-ഇത്രയും വിപണിമൂല്യമുള്ള ഒരു ഫുട്‌ബോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തിലില്ല. ഇന്ന് വൈകീട്ട് ഏഴ് മുതല്‍ 90 മിനുട്ട്, അതല്ലെങ്കില്‍ അധികസമയത്തെ 30 മിനുട്ട്, അതുമല്ലെങ്കില്‍ ഷൂട്ടൗട്ടിലേക്ക് പോവുന്ന 15 മിനുട്ട്-അതോടെ കോടികളുടെ വിലപിടിപ്പുള്ള ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം പതിപ്പിന് അന്ത്യമാവും.

നമ്മുടെ ഫുട്‌ബോള്‍ മനസ്സിന്റെ വിജയമാണ് ഈ കോലാഹലങ്ങള്‍. ഇന്നലെകളില്‍ വാനോളമുയര്‍ന്ന ഫുട്‌ബോള്‍ ഭ്രാന്ത് തിരിച്ചുവരുമ്പോള്‍ അതിലെ വാണിജ്യവും വ്യാപാരവുമല്ല പ്രധാനം-കളി മനസ്സിന്റെ കരുത്താണ്. ടിക്കറ്റിനായി എല്ലാവരും നെട്ടോടമോടുന്നു, ടിക്കറ്റ് ലഭിക്കാത്ത നിരാശയില്‍ ശണ്ഠ കൂടുന്നു, അവസാന നിമിഷത്തിലും ഒരു ടിക്കറ്റെങ്കിലും ലഭിക്കുമെന്ന പ്രത്യാശയില്‍ പല വാതിലുകളും മുട്ടുന്നു. നല്ല ഫുട്‌ബോളിന്റെ സുവര്‍ണ നിമിഷങ്ങളെ ആസ്വദിക്കാനുള്ള ഈ തിരക്കിനൊടുവില്‍ തല ഉയര്‍ത്തി ചിരിക്കണമെങ്കില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കണം.

എന്ത് കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ട്-ഇത് നമ്മുടെ സ്വന്തം ടീമാണ്. സച്ചിന്റെ ടീമാണ്, വിനിതും റാഫിയും റിനോയുമെല്ലാം കളിക്കുന്ന ടീമാണ്. ഹോസുവും ഹ്യൂസും ഹെംഗ്ബാര്‍ത്തും റഫീഖും ജിങ്കാനും ജര്‍മനും ബെല്‍ഫോട്ടും നാസോണും മെഹ്താബും സന്ദീപൂമെല്ലാം കളിക്കുന്ന ടീമാണ്. ഈ താരങ്ങളെ എല്ലാവരും ഇഷ്ടപെടാന്‍ കാരണം അവരുടെ കളിയേക്കാള്‍ അവര്‍ കളിക്കുന്നത് കേരളത്തിന്റെ ബാനറിലാവുന്നത് കൊണ്ടാണ്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ കളി തോറ്റ് തുടങ്ങിയിട്ടും പിന്തുണയും പ്രാര്‍ത്ഥനകളുമായി എല്ലാവരും ഒപ്പം നിന്നത് ടീമിലുള്ള പ്രതീക്ഷ കൊണ്ടാണ്. ആ പ്രതീക്ഷകള്‍ കലാശത്തിലെത്തി നില്‍ക്കുമ്പോള്‍ അതിനൊരു ഫിനിഷ്- അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കൊന്നും പോവാതെ 90 മിനുട്ടില്‍ തന്നെ കിരീടമുയര്‍ത്തണം.

ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയിലെ സമീപനം-അതാവും കോപ്പലിന്റെ പ്ലാന്‍. പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തിയുള്ള കടന്നാക്രമണം. സി.കെ വിനീതും മുഹമ്മദ് റഫീഖുമാവും പ്രതിയോഗികളുടെ നോട്ടപ്പുള്ളികള്‍. കൊല്‍ക്കത്തക്കാര്‍ ചിലരെ നോട്ടമിട്ടാല്‍ മറ്റ് ചിലര്‍ക്ക് സ്വതന്ത്രരാവാം-നാസോണും ബെല്‍ഫോട്ടും ഇവിടെ ഹീറോകളാവും. പക്ഷേ ഹ്യുമിനെയും പോസ്റ്റീഗയെയും ലാറയെയും പേടിക്കണം-ജാഗ്രതയോടെ ഹ്യുസും ജിങ്കാനും ഹെംഗ്ബാര്‍ത്തും പിന്‍നിര കാക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കും. കേരളത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഫൈനലില്‍ അപ്രകാരം ആതിഥേയര്‍ക്ക് ചിരിക്കാനാവും.