കോഴിക്കോട്: എം.ആര്‍.പി വിലയേക്കാള്‍ കൂടുതല്‍ വിലയില്‍ വില്‍ക്കാന്‍ പാടില്ലെന്ന് നിയമമുണ്ടായിരിക്കേ എം.ആര്‍.പിയില്‍ കൂടുതല്‍ വിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുമെന്ന് പറയുന്നത് ധനകാര്യമന്ത്രിയുടെ അജ്ഞതകൊണ്ടാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. വിലനിലവാരം നിജപ്പെടുത്താത്ത ചരക്കുകള്‍, ഇറച്ചി, കോഴിയിറച്ചിയടക്കം തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന ചരക്കുകള്‍ മാത്രമാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. കോഴിയിറച്ചി ഉല്‍പാദനം തമിഴ്‌നാട്ടില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ജലദൗര്‍ലഭ്യം കാരണം പച്ചക്കറികളും ലഭ്യമല്ല. തമിഴ്‌നാട്ടില്‍ സാധനവില കയറിയതിന് കേരളത്തിലെ വ്യാപാരികളെ പഴിച്ചിട്ട് കാര്യമില്ല. 14.5 ശതമാനം നികുതിയുള്ള സാധനങ്ങള്‍ക്ക് 28 ശതമാനമായി നികുതി വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി വന്നാല്‍ വന്‍കിട കുത്തക കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമെന്ന വ്യാപാരികളുടെ വാദനം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിനെതിരേയുള്ള പ്രതിഷേധമാണ് ജനങ്ങള്‍ ഇടപെട്ട് വില നിയന്ത്രിക്കുമെന്ന് ധനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ വ്യാപാര രംഗത്ത് അഭ്യന്തര കലഹം വളര്‍ത്തി കച്ചവടക്കാരെ പഴിചാരാനുള്ള ഗവണ്‍മെന്റ് നിലപാടെടുത്താല്‍ വ്യാപാരരംഗം തന്നെ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടിവരുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി. 110 രൂപക്കാണ് തമിഴ് നാട്ടില്‍ നിന്നും കോഴിലഭിക്കുന്നത്. പിന്നെ എങ്ങിനെയാണ് സര്‍ക്കാര്‍ പറയുന്ന 87 രൂപക്കു കോഴി വില്‍ക്കാന്‍ കഴിയുകയെന്നും നസ്‌റുദ്ദീന്‍ ചോദിച്ചു.
2017 ജൂലൈ 11 ന് ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും വ്യാപാരികളുടെ പണിമുടക്ക് നടക്കുന്നതാണ്. ഉത്തരേന്ത്യയിലെ പല മാര്‍ക്കറ്റുകളും ദിവസങ്ങളായി അടച്ചിട്ട് വ്യാപാരികള്‍ നിശ്ചലമാക്കിയിരിക്കുകയാണെന്നും അതിനാല്‍ ചൊവാഴ്ച്ച കേരളത്തിലും കടകള്‍ അടച്ചിടുമെന്ന് നസിറുദ്ദീന്‍ പറഞ്ഞു.