ചങ്ങനാശേരി: നോട്ടുപ്രതിസന്ധിമൂലം ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് മോഡേണ്‍ ബ്രഡ് മൊത്ത വ്യാപാരി കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ചു.

ചങ്ങനാശേരി വാഴപ്പള്ളി മതുമൂല ചീരക്കാട്ട് ഇല്ലത്ത് പരേതനായ പരമേശ്വരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായ സി.പി നാരായണന്‍ നമ്പൂതിരി(54)യെ ആണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവുപോലെ രാവിലെ വീട്ടിലെത്താത്തിനെ തുടര്‍ന്ന് സഹായിയെ കടയില്‍ വിട്ട് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചങ്ങനാശേരി പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ചങ്ങനാശേരി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചെത്തിപ്പുഴയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.

വിദേശത്തായിരുന്ന നാരായണന്‍ നമ്പൂതിരി കഴിഞ്ഞ 20 വര്‍ഷമായി നാട്ടിലെത്തി മോഡേണ്‍ ബ്രഡിന്റെ ഏജന്‍സിയെടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇദ്ദേഹം തന്നെയാണ് ഡ്രൈവറുടെ സഹായത്തോടെ ചില്ലറ വ്യാപാരികള്‍ക്ക് വില്‍പന നടത്തിയിരുന്നത്.

നിത്യേന ലോഡ് എടുത്ത് നല്ല നിലയില്‍ ബിസിനസ് നടന്നുവന്നിരുന്നതായി സുഹൃത്തുക്കളും സഹോദരനും പറഞ്ഞു. എന്നാല്‍ 500, 1000 നോട്ടുനിരോധനം നടപ്പിലായതോടെ വ്യാപാരമേഖല സ്തംഭിക്കുകയും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വരുന്നതായും മരിച്ച നാരായണന്‍ നമ്പൂതിരി തന്നോടു പറഞ്ഞിരുന്നതായി സഹോദരന്‍ പറഞ്ഞു. ചെറിയ കടകളില്‍ ബ്രെഡ് നല്‍കി കഴിഞ്ഞാല്‍ പണം ലഭിക്കാതെ വന്നതും ലഭിക്കുന്ന പണം 500, 1000 ആണെന്നതും കച്ചവടത്തിന് തടസ്സമായി. മോഡേണ്‍ ബ്രഡ് ഏജന്‍സി ചെക്ക് മാത്രം സ്വീകരിച്ചു വന്നതിനാല്‍ പണം മാറി ചെക്ക് നല്‍കാന്‍ കഴിയാത്തതും കച്ചവടത്തെ ബാധിച്ചു.

നവംബര്‍ എട്ടിന് 500, 1000 നോട്ട് നിരോധന ഉത്തരവ് വന്നത് മുതല്‍ കച്ചവടം പ്രതിസന്ധിയിലായതായി നമ്പൂതിരി അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കൂടാതെ സുഹൃത്തില്‍ നിന്നു കടം വാങ്ങിയ പണം ആവശ്യ സമയത്ത് നോട്ടുപ്രതിസന്ധി കാരണം തിരിച്ചുനല്‍കാന്‍ കഴിയുമോ എന്ന ആശങ്കയും ഇദ്ദേഹത്തെ അലട്ടിയുരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളം പറഞ്ഞു.
ഭാര്യ: സുഷമ. മക്കള്‍: കൃഷ്ണദാസ് നമ്പൂതിരി (ചെന്നൈ), ഹരിദാസ് നമ്പൂതിരി (ബംഗളൂരു).

സഹോദരങ്ങള്‍: കേശവന്‍ നമ്പൂതിരി (കായംകുളം സി.പി സി.ആര്‍.ടി), പ്രൊഫ.മാധവന്‍ നമ്പൂതിരി (ആര്‍.എല്‍.വി), പരമേശ്വരന്‍ നമ്പൂതിരി (എഞ്ചിനീയര്‍ യു.എസ്.എ), ഡോ.സരസ്വതി ദേവി (പയ്യന്നൂര്‍), സാവിത്രിദേവി (ചേപ്പാട്), ഗൗരി ദേവി (തിരുവല്ല).