മുംബൈ: ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. ഗര്‍ഭിണിയായ പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചിനൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവച്ചു.

‘നടാഷയുമൊന്നിച്ചുള്ള യാത്ര മഹത്തരമായിരുന്നു. അതു കൂടുതല്‍ മനോഹരമാകാന്‍ പോകുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് വളരെ വൈകാതെ പുതിയൊരാള്‍ കൂടി വരും. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ആഹ്ലാദഭരിതരാണ്. നിങ്ങളുടെ ആശംസകളും അനുഗ്രഹങ്ങളുമുണ്ടാകണം’ – പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സെര്‍ബിയന്‍ സ്വദേശിനിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്. ഈ വര്‍ഷമാദ്യമാണ് ഇരുവരും പ്രണയം തുറന്നു സമ്മതിച്ചത്.

പരിക്കിനിടെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പാണ്ഡ്യ ഈയിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി 20 പരമ്പരയ്ക്ക് ശേഷം താരം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.