ഹൈദരാബാദ്: ഇതിസാഹതാരം റോജര്‍ ഫെഡറര്‍ ആണ് ടെന്നില്‍ തന്റെ ഇഷ്ടതാരമെന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇലവന്‍ ഓണ്‍ ടെന്‍ എന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് ഷോയിലാണ് സാനിയ ഫെഡററോടുള്ള ആരാധന വീണ്ടും വെളിപ്പെടുത്തിയത്.
20 തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ ഫെഡറര്‍ക്കൊപ്പം മികസ്ഡ് ഡബിള്‍സ് കളിച്ച അനുഭവവും സാനിയ പങ്കുവെച്ചു. 2014-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിലായിരുന്നു സാനിയക്ക് ഈ അവസരം ലഭിച്ചത്.
‘ഫെഡറര്‍ക്കൊപ്പം കളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. അദ്ദേഹം ഇതിഹാസ താരമല്ലേ. അഭിമാന നിമിഷം പോലെയാണ് എനിക്കു തോന്നിയത്.’ സാനിയ പറയുന്നു.
കോവിഡ്-19 ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ടൂര്‍ണമെന്റിനായി ലോസ് ആഞ്ജലീസിലേക്ക് പോയിരുന്നു. തിരിച്ചുവന്നശേഷം സാനിയ ഹൈദരാബാദിലെ വീട്ടില്‍ ക്വാറന്റെയ്‌നിലായിരുന്നു. ആ സമയത്ത് മകന്‍ ഇസ്ഹാനെ ഒരുപാട് മിസ് ചെയ്‌തെന്നും സാനിയ പറയുന്നു. അവനെ ഒന്നു തൊടാന്‍ പോലുമാകാതെ 14 ദിവസം കഷ്ടപ്പെട്ടു- അവര്‍ പറഞ്ഞു.