പറ്റ്‌ന: ബിഹാറില്‍ ഒരുസംഘം ആളുകള്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി എടിഎം കൊള്ളയടിച്ചു. തലസ്ഥാന നഗരിയായ പറ്റ്‌നയിലെ മൗര്യ ലോകിലുള്ള സെന്‍ട്രല്‍ ബാങ്ക് എടിഎമ്മില്‍ ശനിയാഴ്ച്ച അര്‍ധരാത്രിയാണ് നടുക്കുന്ന സംഭവം. സുരക്ഷാ ഉദ്യോഗസ്ഥനുണ്ടായ ദാരുണ മരണത്തില്‍ പ്രതിഷേധിച്ച് പ്രദേശ വാസികളും ബന്ധുക്കളും ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് റോഡ് ഉപരോധിച്ചു. കൊള്ളയ്ക്കും കൊലക്കും പിന്നിലുള്ള അക്രമികളെ പിടികൂടണമെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

റോഡ് ഉപരോധിച്ചതോടെ മേഖലയിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നഗരത്തിലെ തിരക്കേറിയ ഷോപ്പിങ്ങ് സെന്ററാണ് മൗര്യ ലോക്. സമയാസമയങ്ങളില്‍ പൊലീസ് പട്രോളിങ്ങ് ഉള്ളതിനാല്‍ നഗരത്തിലെ സുരക്ഷിത മേഖലയായാണ് മൗര്യ ലോക് അറിയപ്പെട്ടിരുന്നത്. എടിഎം കൊള്ള തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ ആയുധധാരികളായ അക്രമികള്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പറ്റ്‌ന എസ്പി മനു മഹാരാജ് പറഞ്ഞു. എടിഎമ്മിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണ് പൊലീസ്.