മിനിമം വേതനം: തര്‍ക്കംപരിഹരിക്കാന്‍
ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് അധികാരം

മിനിമം വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തെ ജോയിന്റ്‌ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് കൂടി അധികാരം നല്‍കി മിനിമം വേജസ് ആക്ടില്‍ ഭേദഗതി വരുത്തി. നിലവില്‍ ലേബര്‍ കമ്മീഷണര്‍ക്ക് മാത്രമാണ് ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ അധികാരമുള്ളത്. ഇതുകാരണം പരാതികളില്‍ തീര്‍പ്പ് വൈകുന്നതിനാലാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് തൊഴില്‍മന്ത്രിക്ക് വേണ്ടി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ചര്‍ച്ചക്ക് ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ബില്‍ പാസാകുന്നതോടെ മിനിമം വേജസ് പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഏഴ് ജോയിന്റ്‌ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് കൂടി അധികാരം ലഭിക്കും.
മിനിമം വേതനം നല്‍കിയില്ലെന്ന് തെളിഞ്ഞാല്‍ തൊഴിലുടമക്കെതിരെ ചുമത്തുന്ന പിഴ സംഖ്യയും ഉയര്‍ത്തി. നിലവില്‍ ആറ് മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ രണ്ടും ഒരുമിച്ചോ ചുമത്താനാണ് വ്യവസ്ഥയുണ്ടായിരുന്നത്. ഇതില്‍ പിഴ തുക 5000 രൂപയായി ഉയര്‍ത്തുന്നതാണ് ഭേദഗതി. വ്യാജപരാതി നല്‍കി കബളിപ്പിക്കുന്നവര്‍ക്കെതിരെ ചുമത്തിയിരുന്ന പിഴ 50 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തും. മജിസ്‌ട്രേറ്റുമാര്‍ മുഖേന മാത്രമെ പിഴ ഈടാക്കാവൂവെന്ന വ്യവസ്ഥയിലും മാറ്റം വരുത്തി. റവന്യൂറിക്കവറി ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇനി ഈ അധികാരം ലഭിക്കും. കെ.എസ് ശബരീനാഥന്‍, യു. പ്രതിഭാഹരി എന്നിവര്‍ ബില്ലില്‍ ഭേദഗതി അവതരിപ്പിച്ച് സംസാരിച്ചു.
കച്ചവട സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കൂടി തൊഴിലാളികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി വ്യാവസായിക തര്‍ക്കങ്ങള്‍ ഭേദഗതി ബില്ലും സഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഈ ഭേദഗതി. കച്ചവടത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കൂടി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്‍ ഷംസുദ്ദീന്‍, ഐ.ബി സതീഷ് എന്നിവര്‍ ഈ ബില്ലിന്മേല്‍ ഭേദഗതി അവതരിപ്പിച്ച് സംസാരിച്ചു.