ലണ്ടന്‍: 100 ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയ കെന്നിങ്ടണ്‍ ഓവലില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായി മുഈന്‍ അലി മാറിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 239 റണ്‍സ് ജയം. അഞ്ചാം ദിവസമായ ഇന്നലെ ആറ് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 375 റണ്‍സ് ആവശ്യമായിരുന്ന സന്ദര്‍ശകരെ 252 റണ്‍സിലൊതുക്കിയാണ് ഇംഗ്ലണ്ട് ജയവും പരമ്പരയില്‍ മുന്‍തൂക്കവും നേടിയത്. ബെന്‍ സ്‌റ്റോക്‌സ് ആണ് കളിയിലെ കേമന്‍.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഇംഗ്ലണ്ട് 353 (ബെന്‍ സ്‌റ്റോക്‌സ് 112, അലിസ്റ്റര്‍ കുക്ക് 88. മോണി മോര്‍ക്കല്‍ 3/70, കഗിസോ റബാഡ 3/85). ദക്ഷിണാഫ്രിക്ക 175 (ടെംബ ബവുമ 52. ടോബി റോളണ്ട് ജോണ്‍സ് 5/57, ജെയിംസ് ആന്റേഴ്‌സണ്‍ 3/25). രണ്ടാം ഇന്നിങ്‌സ്: 313/8 ഡിക്ല. (ജെയിംസ് ബെയര്‍സ്‌റ്റോ 63, ടോം വെസ്റ്റ്‌ലി 59. കേശവ് മഹാരാജ് 3/50). ദക്ഷണാഫ്രിക്ക 252. (ഡീന്‍ എല്‍ഗര്‍ 136. മുഈന്‍ അലി 4/45, റോളണ്ട് ജോണ്‍സ് 3/72).
നാലു വിക്കറ്റിന് 117 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മുഴുവന്‍ 72 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്ന ഡീന്‍ എല്‍ഗറിലായിരുന്നു. എല്‍ഗറിന് മികച്ച പിന്തുണ നല്‍കിയ ബവുമയെ (32) വിക്കറ്റിനു മുന്നില്‍ കുടു്കി റോളണ്ട് ജോണ്‍സ് ആണ് ആദ്യ വഴിത്തിരിവുണ്ടാക്കിയത്. തൊട്ടടുത്ത പന്തില്‍ വെര്‍നന്‍ ഫിലാന്ററെ (0) കൂടി സമാന രീതിയില്‍ പുറത്താക്കിയ ജോണ്‍സ് ദക്ഷിണാഫ്രിക്കയെ ആറിന് 160 എന്ന നിലയിലേക്ക് തള്ളിവിട്ടു. തൊട്ടടുത്ത ഓവറില്‍ എല്‍ഗര്‍ സെഞ്ച്വറി തികച്ചു.
ക്രിസ് മോറിസിനെ (24) സ്‌റ്റോക്‌സിന്റെ കൈകളിലെത്തിച്ച് മുഈന്‍ അലിയാണ് അടുത്ത പ്രഹരമേല്‍പ്പിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് നീട്ടാനുള്ള എല്‍ഗറിന്റെ ശ്രമം മുഈന്റെ ഓവറിലെ അഞ്ചാം പന്തില്‍ സ്റ്റോക്‌സിന്റെ കൈകളില്‍ അവസാനിച്ചതോടെ ഇംഗ്ലണ്ട് ജയത്തിന് തൊട്ടടുത്തെത്തി. അടുത്ത പന്തില്‍ റബാഡയും (0) സമാന രീതിയില്‍ പുറത്തായി. തന്റെ അടുത്ത ഓവറില്‍ മോണി മോര്‍ക്കലിനെ (0) വിക്കറ്റിനു മുന്നില്‍ കുടുക്കി മുഈന്‍ കളി അവസാനിപ്പിച്ചു. 79 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് സ്പിന്നര്‍ ടെസ്റ്റില്‍ ഹാട്രിക് നേടുന്നത്.