ന്യൂഡല്‍ഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി കുറ്റകരമാക്കിയത് പുനപരിശോധിക്കല്‍ തുടങ്ങിയ കേസുകളാണ് പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലുള്ളത്. ചീഫ് ജസ്റ്റിസ് ഏകപക്ഷീയമായി ബെഞ്ചുകള്‍ തീരുമാനിക്കുന്നുവെന്നാരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരും ബെഞ്ചിലില്ല.
കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസിനോട് വിയോജിപ്പ് രേഖപ്പെടുത്തി മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, രഞ്ജന്‍ ഗൊഗോയി എന്നിവര്‍ പരസ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് വിമര്‍ശിച്ചിരുന്നു. കോടതി നടപടികള്‍ നിര്‍ത്തിവെച്ചു കൊണ്ട് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ നടന്ന ഈ വാര്‍ത്താ സമ്മേളനം സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ വെളിച്ചത്തു കൊണ്ടു വരികയും ചെയ്തു. വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നാലു ജഡ്ജിമാരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിനെഴുതിയ ഏഴ് പേജുള്ള കത്ത് വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ പുറത്തു വിട്ടിരുന്നു.
സംഭവം രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയുടെ വക്കിലെത്തിച്ചിരുന്നു. ജഡ്ജിമാരുടെ അഴിമതിക്കേസില്‍ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് മറികടക്കാന്‍ ചീഫ് ജസ്റ്റിസ് തിടുക്കത്തില്‍ അഞ്ചംഗ ബെഞ്ച് വിളിച്ചു ചേര്‍ത്തത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്ന് ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
ഇതിനു പിന്നാലെ ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിലേക്കു മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാതലത്തിലായിരുന്നു മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിനായി വിവിധ തലത്തില്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കവേയാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി പുതിയ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം. അതേ സമയം സുപ്രിം കോടതിയിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും വിഷയം പരിഹരിച്ചെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ കെകെ വോണുഗോപാല്‍ പറഞ്ഞത്.
രാവിലെ കോടതി നടപടിക്രമങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് പതിവുപോലെയുള്ള ചായസത്കാരത്തിനിടയ്ക്ക് ജഡ്ജിമാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തിയെന്നും ഇതില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നുമാണ് എജി വ്യക്തമാക്കിയത്. 15 ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതായും എല്ലാവരും പ്രതിസന്ധി പരിഹരിച്ചതായി അറിയിച്ചതായും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയും പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന നാലു ജഡ്ജിമാരെയും ഒഴിവാക്കി നിര്‍ണായക കേസുകള്‍ പരിഗണിക്കുന്നതിനായുള്ള ഭരണഘടനാ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
17-ാം തീയതി മുതല്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി രജിസ്ട്രാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ബെഞ്ചിലെ അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല.