കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം വേട്ട നടത്തുന്നതിനെതിരെ മുസ്‌ലിം ലീഗ് ആറിന് നടത്തുന്ന റാലിക്ക് കോഴിക്കോട് ഒരുങ്ങി. മുസ്‌ലിം സ്ഥാപനങ്ങളെയം പ്രബോധകരെയും കരിനിയമം ചുമത്തി പീഡിപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധ കൊടുക്കാറ്റ് സൃഷ്ടിക്കുന്ന റാലിയിലേക്ക് ശാഖാ-പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോഴിക്കോട്ടെത്തും. ദേശീയ-സംസ്ഥാന തലത്തിലെ വര്‍ധിച്ചുവരുന്ന മുസ്‌ലിം വേട്ടക്കെതിരായ താക്കീതാവുന്ന സമ്മേളനം ജനജാഗരണം തീര്‍ക്കും.

ആറിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന റാലിയെ തുടര്‍ന്ന് ജനുവരയില്‍ വിവിധ ജില്ലകളിലും ജനജാഗരണ റാലികള്‍ നടക്കും. മുതലക്കുളത്തു നടക്കുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ് എം.പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി വീരേന്ദ്രകുമാര്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി രാമനുണ്ണി തുടങ്ങിയവര്‍ സംസാരിക്കും. റാലി ഭരണകൂട ഭീകരതക്കെതിരായ ജനമുന്നേറ്റമാക്കാന്‍ എല്ലാഘടകങ്ങളും ശ്രമിക്കണമെന്ന് ജന. സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.