ചെന്നൈ: ചെസ്സ 24 ലെജന്‍ഡ്സ് ഓഫ് ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനോടാണ് ആനന്ദ് അടിയറവു പറഞ്ഞ്.
കാള്‍സനോട് 1.5-2.5 എന്ന നിലയിലേക്ക് പരുങ്ങുന്നതിന് മുന്‍പ് മൂന്ന് വട്ടം നോര്‍വേജിയന്‍ താരത്തെ മൂന്ന് വട്ടം ആനന്ദ് ചെക്കില്‍ കുരുക്കിയിരുന്നു. ആദ്യ റൗണ്ടില്‍ റഷ്യയുടെ പീറ്റര്‍ സ്വിഡ്ലെറിനോടും സമാനമായ രീതിയില്‍ ആനന്ദ് മത്സരം കൈവിടുകയായിരുന്നു.
മൂന്നാം റൗണ്ടില്‍ മറ്റൊരു മുന്‍ ലോക ചാമ്പ്യനായ വല്‍ഡിമര്‍ ക്രമനിക് ആണ് ആനന്ദിന്റെ എതിരാളി. മൈയില്‍ ഓണ്‍ലൈന്‍ നേഷന്‍സ് കപ്പില്‍ മത്സരിച്ചതിന് ശേഷം ആനന്ദ് ആദ്യമായി പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഇത്.
ഇസ്രായേലി താരം ബോറിസ് ഗെര്‍ഫന്‍ഡിനും, സ്വിഡ്ലറിനും ഒപ്പം കാള്‍സെനാണ് ഒന്നാം സ്ഥാനത്ത്. രണ്ട് ജയങ്ങളോടെ മൂന്ന് പേര്‍ക്കും ആറ് പോയിന്റ് വീതമുണ്ട്. മാഗ്‌നസ് കാള്‍സന്‍ ചെസ് ടൂറിന്റെ ഭാഗമാണ് ടൂര്‍ണമെന്റ്. ഇവിടെ ജയിക്കുന്നവര്‍ ഓഗസ്റ്റ് 9 മുതല്‍ 20 വരെ നടക്കുന്ന ഫൈനലില്‍ പ്രവേശിക്കും.