ബംഗളൂരു: കാവേരി വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേ സമയം വിധി നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി കര്‍ണാടകയോടു കാണിച്ചത് അനീതിയാണ്, സംസ്ഥാന കടന്നു പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
ബുധനാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കു സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണമെന്നും അക്രമ പാതയിലേക്കു പ്രതിഷേധങ്ങള്‍ മാറരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗണേഷ ചതുര്‍ത്ഥി, ഓണം, ബക്രീത് എന്നീ ആഘോഷങ്ങള്‍ക്കു യാതൊരു ഭംഗവും വരാതിരിക്കാനായി കൂടുതല്‍ പൊലീസുകാരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ച രണ്ടു പേരുടേയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.