ലണ്ടന്‍: മിഡില്‍സ്‌ബ്രോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് എഫ്.എ കപ്പ് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് സില്‍വയിലൂടെ മുന്നിലെത്തിയ സിറ്റിക്കു വേണ്ടി 66-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് രണ്ടാം ഗോള്‍ നേടിയത്. മത്സരം സിറ്റി ജയിച്ചെങ്കിലും നിരവധി സേവുകളിലൂടെ കാണികളുടെ മനം കവര്‍ന്ന മിഡില്‍സ്‌ബ്രോ ഗോള്‍കീപ്പര്‍ ബ്രാഡ് ഗുസനാണ് മത്സരത്തിലെ യഥാര്‍ത്ഥ താരം. പ്രീമിയര്‍ ലീഗില്‍ അവസാന മൂന്നു മത്സരങ്ങളിലും വേണ്ടത്ര ശോഭിക്കാന്‍ കഴിയാതിരുന്ന സിറ്റിക്ക് ആദ്യ പകുതിയില്‍ പരിക്കേറ്റ് സ്‌ട്രൈക്കര്‍ റൂഡി ജെസ്റ്റഡെ പുറത്തു പോയത് ആഘാതമായി. ആക്രമണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു പെപ് ഗ്വാര്‍ഡിയോള ടീമിനെ ഇറക്കിയത്. മൂന്നാം മിനിറ്റില്‍ യായ തുറേ പാബ്ലോ സെബലാറ്റയ്ക്ക് നല്‍കിയ പന്ത് റഹീം സ്റ്റര്‍ലിങിനെ മറികടന്ന് സില്‍വക്കു ലഭിക്കുകയായിരുന്നു. കിട്ടിയ ചാന്‍സ് മുതലാക്കി സില്‍വ സിറ്റിക്കു ലീഡ് നേടിക്കൊടുത്തു. നിരവധി അവസരങ്ങളാണ് സിറ്റിക്കു മത്സരത്തില്‍ ലഭിച്ചത്. ഗോളെന്നുറച്ച സാനിയുടേയും സില്‍വയുടേയും ഹെഡറുകള്‍ അവിശ്വസനീയമായാണ് ബ്രാഡ് ഗുസന്‍ തട്ടിയകറ്റിയത്. 2011ല്‍ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായതിനു ശേഷം ഇതാദ്യമായാണ് വെംബ്ലിയില്‍ ഗ്വാര്‍ഡിയോള എത്തുന്നത്. മടക്കമാവട്ടെ വന്‍ വിജയത്തോടെയുമായി.