സൗന്ദര്യം ലഹരിയാണെന്നുപറയുമ്പോഴും ശരീരാകാരത്തിലല്ല, വ്യക്തിയുടെ സംസാരത്തിലും പെരുമാറ്റത്തിലുമാണതെന്ന് പറയാറുണ്ട്. ബോളിവുഡ് നടിയും സിനിമാനിര്‍മാതാവുമായ കങ്കണ റണാവത്തിന്റെ സൗന്ദര്യം ഈയടുത്തകാലത്താണ് നാവടക്കമില്ലാത്തതിനാല്‍ മലവെള്ളം കണക്കെ ചോര്‍ന്നുപോയിരിക്കുന്നത്. ബോളിവുഡ് യുവനടന്‍ സുശാന്ത്‌സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിനിമാമേഖലയുമായി ബന്ധപ്പെട്ട ലഹരിമാഫിയയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലൊന്നിലാണ് കങ്കണയുടെ പേരും വെളിച്ചത്തായത്. കയ്യോടെ പിടികൂടപ്പെട്ട പ്രതി പുലമ്പുന്ന വൃഥാവര്‍ത്തമാനങ്ങളാണ് ഈ ഹിന്ദി സൂപ്പര്‍താരത്തില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഏറ്റവുമൊടുവില്‍ മുംബൈയിലെ മജിസ്‌ട്രേട്ട് കോടതി.

നടന്‍ സുശാന്തിന്റെ അപ്രതീക്ഷിതമായ വിയോഗം രാജ്യത്തെ സിനിമാമേഖലയെ ആകെതന്നെ ഞെട്ടിച്ചിരിക്കെയാണ് അതില്‍ കങ്കണയുടെ പരോക്ഷ പങ്കാളിത്തം കേസന്വേഷിക്കുന്ന മുംബൈ പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. അന്നുമുതല്‍ മുംബൈ പൊലീസിനെയും മഹാരാഷ്ട്രയിലെ സിവസേന-കോണ്‍ഗ്രസ് സര്‍ക്കാരിനെയും വലിയവായില്‍ കുറ്റംപറയുകയാണ് നടി. ജീവിതത്തിലും തനിക്ക് നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന് അവര്‍ കേസിന്റെ അന്വേഷണവേളയില്‍ തെളിയിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നാണ് കങ്കണയുടെ വര്‍ത്തമാനം മുഴുവന്‍. ബി.ജെ.പിയുടെ മുസ്്‌ലിം വിരുദ്ധത അപ്പാടെ തോളിലേറ്റിയിട്ടുമുണ്ട് ഹിമാലയപുത്രി. ഹിമാചല്‍പ്രദേശിലെ മണ്ഡി ജില്ലക്കാരിക്ക് പ്രായം 33 മാത്രമാണെങ്കിലും ഇതിനകം ഇവര്‍ നേടിയ സിനിമാമേഖലയിലെ പുരസ്‌കാരങ്ങള്‍ ആരെയും വിസ്മയിപ്പിക്കും. അഭിനയത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും സ്വന്തമാക്കിയ കങ്കണയെ രാജ്യം അടുത്തിടെയാണ് പത്മശ്രീ നല്‍കി ആദരിച്ചത്.

ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി പട്ടികയില്‍ 100 പേരില്‍ ഒരാളായും കങ്കണ റണാവത്ത് ഇടംനേടിയിട്ടുണ്ട്. ഡോക്ടറാകാനായിരുന്നു മോഹമെങ്കിലും വിധി വഴിതെളിച്ചത് ബോളിവുഡിലേക്കായിരുന്നു. പതിനാറാംവയസ്സില്‍ രാജ്യതലസ്ഥാനത്ത് വിമാനമിറങ്ങിയ കങ്കണയുടെ ഭാവി ഇതുവരെയും ശോഭിച്ചുതന്നെ നില്‍ക്കുകയായിരുന്നു. പരസ്യചിത്രത്തില്‍ മോഡലായാണ് തുടക്കം. 2006ല്‍ പ്രശസ്തചിത്രമായ ഗാംഗ്സ്റ്ററില്‍ തിളങ്ങിയതോടെ തലവര തെളിഞ്ഞു. ഈ പ്രഥമ ചിത്രത്തിനുതന്നെ ഫിലിംഫെയര്‍ അവാര്‍ഡ്‌തേടിയെത്തി. ലൈഫ് ഇന്‍ എ മെട്രോ, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ചു. ഫാഷനിലാണ് സഹനടിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം നേടിയത്. സിനിമാമേഖലയില്‍ ഫെമിനിസത്തിന്റെ വക്താവായി പിന്നീട് ശ്രദ്ധേയയായി. ബോളിവുഡ് സിനിമാനിര്‍മാതാവ് കരണ്‍ ജോഹറിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ചായിരുന്നു തുടക്കം. ‘ക്വീനി’ലെയും ‘തനു വെഡ്‌സ് മനു റിട്ടേണ്‍സി’ലും നേടിയ ബോക്‌സോഫീസ് വിജയം ഏറ്റവും വിലപിടിപ്പുള്ള നടിയായി കങ്കണയെ വളര്‍ത്തി.

ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് കങ്കണയെ മുംബൈ പൊലീസിന്റെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ഇപ്പോള്‍ ചോദ്യംചെയ്യുന്നത്. താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് കങ്കണ തുറന്നുപറയുന്ന വീഡിയോയും അടുത്തിടെ വൈറലായി. ‘കൗമാരകാലത്ത് വീട്ടില്‍നിന്ന് ഓടിപ്പോയി തെറ്റായ ആളുകളുടെ കൈകളില്‍ അകപ്പെട്ടു’- വീഡിയോയില്‍ നടി പറയുന്നു. കാമുകനായിരുന്ന അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. എങ്കില്‍ പരിശോധിച്ചോട്ടെ എന്നാണ് കങ്കണയുടെ മറുപടി. സിനിമയും രാഷ്ട്രീയവും മാഫിയയുമൊക്കെ ചേരുവയാകുന്ന കേസാണ് കങ്കണയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. എല്ലാത്തിനും കാരണം സുശാന്ത്‌സിങിന്റെ മരണവും.

സഹീല്‍ അശ്‌റഫി സയ്യിദ് എന്ന ബോളിവുഡ് സംവിധായകനാണ് കങ്കണക്കെതിരെ കഴിഞ്ഞദിവസം ബാന്ദ്ര കോടതിയെ സമീപിച്ചത്. ബോളിവുഡിനെ മോശമായി ചിത്രീകരിക്കുകയും ഇരു മത വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ നടി സംസാരിച്ചതായും പരാതിയില്‍ തെളിവുകള്‍ചൂണ്ടിക്കാട്ടി പറയുന്നു. പാക് അധീന കശ്മീരാണ് മുംബൈ എന്നുപോലും നടി പറഞ്ഞതായി തെളിവുണ്ട്. ഇതോടെയാണ ്‌കോടതി കങ്കണക്കെതിരെ ക്രിമിനല്‍ കോഡ് പ്രകാരം പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കി കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്. വലിയൊരു എണ്ണം ആരാധകരുള്ള നടിക്ക് സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ ഫലത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാകുമെന്നുകൂടി ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. പ്രശസ്തനടന്‍ അമിതാഭ്ബച്ചന്റെ ഭാര്യ ജയബച്ചനെതിരെപോലും കടുത്ത വിമര്‍ശനം നടത്തിയ കങ്കണയുടെ നീക്കത്തിനുപിന്നില്‍ ആരാണെന്ന് സുവ്യക്തം. കര്‍ഷക വിരുദ്ധമെന്ന് ആരോപിക്കപ്പെട്ട കരിനിയമങ്ങള്‍ക്ക് അനുകൂലമായിപോലും കങ്കണ രംഗത്തുവന്നത് ഉദാഹരണം. ‘ഞാന്‍ അഭിമാനിയാണ്. ദേശീയവാദിയും. തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെ’ന്ന് തുറന്നടിച്ച നടിക്കെതിരെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് തിരിച്ചടിച്ചത് ‘പോയി ചൈനയെ തോല്‍പിക്കൂ, സിംഹപ്പെണ്ണേ’ എന്ന് ട്വീറ്റ് ചെയ്താണ്. സ്വാതന്ത്ര്യസമരസേനാനി ഝാന്‍സിറാണിയായ ‘മണികര്‍ണിക’ (2019)യിലെ മുഖ്യവേഷത്തില്‍നിന്ന് യഥാര്‍ത്ഥ ജീവിതത്തിലെ വില്ലന്‍ റോളിലേക്കാണിപ്പോള്‍ പത്മശ്രീ നടിയുടെ പടിയിറക്കം.