Education

​’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും

By Manya

May 01, 2026

തിരുവന്തപുരം: ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി നൂറുൽ ഇസ്ലാം സർവകലാശാലയും ചന്ദ്രിക ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ സ്കോളർഷിപ്പ് പരീക്ഷയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. ഏപ്രിൽ 28-ന് വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ക്യാമ്പസിലും, ഏപ്രിൽ 30-ന് കോഴിക്കോട് നടക്കാവ് ഐ.എം.എ ഹാളിലുമായാണ് പരീക്ഷകൾ നടന്നത്. ഇവിടങ്ങളിൽ നടന്ന പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഞായറാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കും.

ബി.എ പൊളിറ്റിക്കൽ സയൻസിനൊപ്പം ഐ.എ.എസ് പരിശീലനം കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ റസിഡൻഷ്യൽ പ്രോഗ്രാമിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്നവർക്ക് 100 ശതമാനവും, രണ്ടാം റാങ്കിന് 60 ശതമാനവും, മൂന്നാം റാങ്കിന് 50 ശതമാനവും സ്കോളർഷിപ്പ് ലഭിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. ആദ്യ ഘട്ട പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് മലപ്പുറത്തോ കാസർകോടോ വെച്ച് നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

യു.പി.എസ്.സി, എസ്.എസ്.സി ഉൾപ്പെടെയുള്ള ദേശീയ മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ഈ കോഴ്സിൽ അത്യാധുനിക ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷാ തീയതികളും കേന്ദ്രങ്ങളും ഉടൻ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ രജിസ്ട്രേഷനുമായി 8943 35 24 56 എന്ന നമ്പറിലോ, https://forms.gle/5Sb7ffjN2dNg5eoy7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ ബന്ധപ്പെടാവുന്നതാണ്.