Connect with us

Video Stories

ചിത്രയോട് കാട്ടിയത് നാടിനോടുള്ള വഞ്ചന

Published

on

പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന് കാട്ടിയത് കൊടിയ അപരാധം തന്നെ. കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി സ്വര്‍ണമെഡല്‍ നേടി ട്രാക്കിലെ ഏഷ്യന്‍ റാണിയായി ഇന്ത്യയുടെയും ഏഷ്യയുടെയും അഭിമാനമായി മാറിയ പെണ്‍കുട്ടിക്ക് സ്വാഭാവികമായും ലഭിക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലേക്കുള്ള നേരിട്ടുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. താരത്തിനു മുമ്പേ പണം ഓടണം എന്നതായിരിക്കുന്നു കായിക ഇന്ത്യയുടെ ഗതികേട്.
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള മല്‍സരാര്‍ത്ഥികളെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ 23നാണ്. ഏഷ്യന്‍ മീറ്റില്‍ ചൈനയെയും ജപ്പാനെയും പോലെ മികച്ച കായികതാരങ്ങളുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ചിത്ര എന്ന മെലിഞ്ഞൊട്ടിയ പെണ്‍കുട്ടി തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നത് കായിക ലോകത്തിനാകെ അഭിമാനജനകമായിരുന്നു. ഇതോടെ ലോക ചാമ്പ്യനാകാനുള്ള പട്ടികയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രയെയും കോച്ചിനെയും മാത്രമല്ല അവളുടെ ഇഷ്ടക്കാരും പിന്തുണക്കാരുമായ മലയാളികളെയും രാജ്യത്തെ കായിക പ്രേമികളെയും ഒറ്റയടിക്ക് നിരാശപ്പെടുത്തിയിരിക്കയാണ് കായിക ലോകത്തെ തല്‍പര മേലാളന്മാര്‍. കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പി.യു ചിത്ര ലോകചാമ്പ്യന്‍ഷിപ്പ് പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള സങ്കടം വിനയാന്വിതയായാണ് പങ്കുവെച്ചത്.
2013ല്‍ പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മേളയിലും ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യയുടെ സ്വര്‍ണ ജേതാവ് എന്ന നിലയില്‍ ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള 23 താരങ്ങളുടെയും 13 ഒഫീഷ്യലുകളുടെയും പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കേണ്ട പേരായിരുന്നു ചിത്രയുടേത് എന്നത് നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് പേരു നല്‍കേണ്ട അവസാന തീയതി ജൂലൈ 24ന് അവസാനിച്ചുവെന്നും റാങ്കിങ് പോരാ എന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനിലെയും കേന്ദ്ര കായിക മന്ത്രാലയത്തിലെയും ഉന്നതര്‍ നല്‍കുന്ന വിശദീകരണം. താന്‍ നിരസിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കായിക താരവും ബന്ധപ്പെട്ടവരും വിവരം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുമ്പോഴേക്കും സമയം കഴിഞ്ഞുവെന്ന മറുപടിയാണത്രെ ലഭിച്ചത്. സ്വാഭാവികമായും കേരളത്തില്‍നിന്ന് മുഖ്യമന്ത്രി, കായിക മന്ത്രി, പാലക്കാടുനിന്നുള്ള ലോക്‌സഭാംഗം എന്നിവര്‍ ഡല്‍ഹിയിലെ കായിക വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും ചിത്രയുടെ അതേ യോഗ്യതയുള്ള തമിഴ്‌നാട്ടിലെയും മറ്റും താരങ്ങള്‍ക്ക് ലോക അത്‌ലറ്റിക് വേദിയില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നത് സഗൗരവം പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ കായിക രംഗത്തെക്കുറിച്ച് നാമൊന്നടങ്കം വേവലാതിപ്പെടുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ മേഖലയിലെ ഉന്നതരുടെ ഒത്താശയോടെ ഈ വെട്ടിനിരത്തല്‍ നടന്നിരിക്കുന്നത് എന്നത് നാണക്കേട് എന്നതിലുപരി കൊടിയ രാജ്യദ്രോഹമായിക്കൂടി വേണം വിലയിരുത്താന്‍. അന്വേഷണത്തിനൊടുവില്‍ മനസ്സിലാകുന്നത്, രാജ്യത്തെ ഒഫീഷ്യലുകളുകള്‍ക്ക് വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയത് എന്നാണ്. ചിത്രയെ ഉള്‍പെടുത്തിയാല്‍ ഒഫീഷ്യലുകളുടെ സംഘത്തിലെ പലര്‍ക്കും ലോക യാത്ര നടത്താന്‍ കഴിയുമായിരുന്നില്ലത്രെ. ഇതോടെ കായിക രംഗത്തെയും കായിക താരങ്ങളെയും സേവിക്കുകയല്ല, എങ്ങനെ സര്‍ക്കാര്‍ ചെലവില്‍ ലോക രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താമെന്നാണ് നമ്മുടെ കായിക സംഘടനകളിലെ കൊലകൊമ്പന്മാര്‍ ഉറക്കമിളച്ച് ചിന്തിക്കുന്നത് എന്നാണ് തിരിച്ചറിയപ്പെടുന്നത്. വൈകിയെങ്കിലും അവസരലബ്ധിക്കായി നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ് ഈ കായികതാരം. ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി. ഇനി അവിടെനിന്നുള്ള നീതി മാത്രമാണ് ഏക പ്രതീക്ഷ.
ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള നമ്മുടെ അത്‌ലറ്റിക് ടീമിന്റെ പരിശീലകരായി മലയാളികളായ മുന്‍ കായിക താരങ്ങളായ പി.ടി ഉഷ, അഞ്ജുബോബി ജോര്‍ജ്, രാധാകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ടിരുന്നിട്ടും ചിത്ര തഴയപ്പെട്ടതിന് ന്യായീകരണം തീരെയില്ല. മാനേജര്‍ ടോണി ഡാനിയേലും മലയാളിതന്നെ. എന്നാല്‍ താന്‍ നിരീക്ഷക മാത്രമാണെന്നാണ് ഉഷ പറയുന്നത്. ചിത്രയെ കൂടാതെ മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ചേസിലെ സ്വര്‍ണജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ്കുമാര്‍ സരോജ് എന്നിവരും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇവരുടെ ട്രാക്കിലെ മികവിന് മാര്‍ക്കിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ലോക മല്‍സരവേദിയില്‍ ഉണ്ടെന്നിരിക്കെ തമ്പ്രാനെ കവച്ചുവെക്കുന്ന മാടമ്പിയുടെ കുബുദ്ധി പ്രയോഗം നടന്നത് എന്തിനാണെന്നാണ് വിശദീകരിക്കപ്പെടേണ്ടത്. ഇനി പന്ത് കേന്ദ്ര കായിക മന്ത്രിയുടെ കോര്‍ട്ടിലാണ്. കോടതി നിര്‍ദേശപ്രകാരം ഇവര്‍ അപേക്ഷിച്ചാല്‍ തന്നെയും അന്താരാഷ്ട്ര അസോസിയേഷന്‍ അനുമതി നല്‍കുമെന്ന ്കരുതുക പ്രയാസം. കാരണം ഇന്ത്യയിലെ കോടതിയുടെ വിധി അന്താരാഷ്ട്ര കായിക ഏജന്‍സിക്ക് ബാധകമാവില്ല എന്നതിനാലാണത്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മേലുള്ള നികുതിപ്പണം കൊണ്ടാണ് ഈ മേഖലയുടെ പുരോഗതിക്കും രാജ്യത്തിന്റെ അന്തസ്സിനും വേണ്ടി നാം ഓരോ അണാപൈസയും ചെലവഴിക്കുന്നത്. പക്ഷേ ഈ തുക അസോസിയേഷനുകളുടെ തലപ്പത്തുള്ളവര്‍ക്ക് വിനോദയാത്ര നടത്താനും നക്ഷത്ര ഹോട്ടലുകളില്‍ പുട്ടടിച്ച് അന്തിയുറങ്ങാനുമാണ് ചെലവഴിക്കപ്പെടുന്നത് എന്നത് ലജ്ജാകരമെന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കേണ്ടത്. എത്രയോ ത്യാഗധനരുടെ വിയര്‍പ്പാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായ പി.വി സിന്ധുവിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തിനിടെ താരത്തിന്റെ മല്‍സര ഇനം തന്നെ മാറ്റിപ്പറഞ്ഞ മന്ത്രിയുടെ നാടാണ് നമ്മുടേത്. കായിക രംഗത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് നോമോരോരുത്തരും വേവലാതിപ്പെടുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ തേടി വെറെങ്ങും പോകേണ്ടതില്ലെന്ന മറുപടിയാണ് ചിത്രയോടുള്ള നെറികേട് നമ്മെയാകെ ബോധ്യപ്പെടുത്തുന്നത്. ലോക ജനസംഖ്യയിലെ രണ്ടാംസ്ഥാനത്ത് നിലകൊള്ളുന്ന നമുക്ക് അന്താരാഷ്ട്ര കായിക വേദികളില്‍ മിക്കപ്പോഴും നാണിച്ച ശിരസ്സുകളുമായി ദേശീയപതാക ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നത് ഇതെല്ലാം കൊണ്ടാണ്.

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

Trending