kerala

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്എഫ്‌ഐ ശ്രമത്തെ പ്രതിരോധിക്കും- കെ.എസ്.യു

By webdesk14

May 17, 2023

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി ഏരിയ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയ എസ്എഫ്‌ഐ ആള്‍മാറാട്ടം ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. എല്ലാ മേഖലകളിലും തിരുകി കയറ്റല്‍ നടത്തുന്ന സിപിഐഎം നേതൃത്വം പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൂടി വലിച്ചിഴക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും, തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത് കൃത്യമായ പരിശോധനകള്‍ നടത്തി പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍വ്വകലാശാല തയാറാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കെഎസ്‌യു പ്രതിഷേധത്തെ തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചതില്‍ സന്തോഷമുണ്ടെന്നും കൃത്യതയോടു കൂടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കൂട്ടി ചേര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.എസ്.യു അറിയിച്ചു.