തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഇടവ ശ്രീയേറ്റ് നസിം മന്‍സിലില്‍ നസീമിനെ (32) ആണ് വര്‍ക്കല പോലീസ് അറസ്റ്റുചെയ്തത്. ജൂലൈ 12നാണ് കല്ലുവാതുക്കല്‍ കാരംകോട് ഏറംതെക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സിജിയെ (31) പുന്നമൂട്ടിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രണ്ട് കുട്ടികളുടെ മാതാവായ സിജി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ നസിമിനൊപ്പം പുന്നമൂട്ടിലെ ലോഡ്ജില്‍ ഭാര്യയെന്ന രീതിയില്‍ താമസിച്ചു വരികയായിരുന്നു. ഇവര്‍ തമ്മില്‍ 2018 മുതല്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.