india

കാണ്‍പൂരില്‍ ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 27 മരണം; നിരവധി പേര്‍ക്ക് പരിക്ക്‌

By Test User

October 02, 2022

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട് 27 പേര്‍ മരിച്ചു. കാണ്‍പൂര്‍ ജില്ലയിലാണ് സംഭവം. 50 ഓളം തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞാണ് അപകടം. ചന്ദ്രികാദേവി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. ഘടംപൂര്‍ പ്രദേശത്തെ കുളത്തിലാണ് വീണത്.

പൊലീസും രക്ഷാപ്രവര്‍ത്തകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.അപകട കാരണം വ്യക്തമായിട്ടില്ല.

സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.