india

വീഡിയോ ചിത്രീകരിക്കാന്‍ ശ്രമം; മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

By Test User

April 08, 2022

തമിഴ്‌നാട് ചെങ്കല്‍പ്പേട്ടില്‍ മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു. സെല്‍ഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രകാശ്(17), മോഹന്‍(17), അശോക് കുമാര്‍(24) എന്നിവരാണ് മരിച്ചത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈ തമ്പാരം-വില്ലുപുരം എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.

സിംഗപെരുമാള്‍കൊയിലെ ചെട്ടിപുന്നിയം നിവാസികളാണ് ഇവരെല്ലാവരും. മരണപ്പെട്ട മൂന്ന് പേരും സ്ഥിരമായി റെയില്‍വേ ട്രാക്കില്‍ നിന്നുകൊണ്ട് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ചെങ്കല്‍പ്പേട്ട് റെയില്‍വെ പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.