മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ 02 മുതല്‍ 23 വരെ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 02ന് കാസര്‍കോട് ആരംഭിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ 23ന് കോഴിക്കോട്ട് സമാപിക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ ജില്ലാ സംഗമങ്ങളില്‍ സംബന്ധിക്കും. എല്ലാ ജില്ലകളിലും രാവിലെ 10 മണിക്ക് സുഹൃദ് സംഗമങ്ങള്‍ സംഘടിപ്പിക്കും. സുഹൃദ് സംഗമങ്ങളില്‍ മത, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തും. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങളെന്ന് പി.എം.എ സലാം പറഞ്ഞു.

ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സംഗമിക്കുന്ന കണ്‍വെന്‍ഷനുകളില്‍ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും. ജൂണ്‍ 02 വ്യാഴം കാസര്‍കോട്, 03 വെള്ളി കണ്ണൂര്‍, 08 ബുധന്‍ തൃശൂര്‍, 09 വ്യാഴം ഇടുക്കി, 11 ശനി എറണാകുളം, 12 ഞായര്‍ കോട്ടയം, 13 തിങ്കള്‍ ആലപ്പുഴ, 15 ബുധന്‍ പാലക്കാട്, 16 വ്യാഴം പത്തനംതിട്ട, 18 ശനി കൊല്ലം, 19 ഞായര്‍ തിരുവനന്തപുരം, 20 തിങ്കള്‍ മലപ്പുറം, 22 ബുധന്‍ വയനാട്, 23 വ്യാഴം കോഴിക്കോട് എന്നിങ്ങനെയാണ് ജില്ലാ സംഗമങ്ങളുടെ ഷെഡ്യൂള്‍.