സാമ്പത്തിക വര്‍ഷമനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പല വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കില്‍ ഗണ്യമായ വര്‍ധനവ് വരുത്തപ്പെടുമ്പോള്‍ അതിലേറ്റവും പൈശാചികമാണ് ഔഷധങ്ങളുടെ വിലയിലെ കുത്തനെയുള്ള കയറ്റം. ക്രോസിന്‍ മുതലായ പാരസെറ്റാമോളുകള്‍ക്ക് പുറമെ ഒട്ടേറെ അവശ്യ മരുന്നുകളുടെ വിലയിലും ക്രമാതീതമായ വര്‍ധനവാണ് ഇന്നലെ മുതല്‍ സംഭവിച്ചിരിക്കുന്നത്. ദേശീയ ഔഷധ വില നയ സമിതിയുടെ തീരുമാനമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലവര്‍ധനവ് മൂലം പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതവും ജീവനുമാണ് പന്താടപ്പെട്ടിരിക്കുന്നത്. ഇതോടെ മാരകരോഗങ്ങളും ജീവിതശൈലീരോഗങ്ങളും ബാധിച്ച് കിടക്കയില്‍ കഴിയുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും കാര്യം വിവരണാതീതമാകുമെന്ന് പറയാതെവയ്യ. ഇതിനെതിരെ വലിയ രോഷമാണ് ഇത്തരക്കാരുടെ ഇടയില്‍നിന്നുയര്‍ന്നുവന്നിരിക്കുന്നത്. ഏതൊരു സര്‍ക്കാരിന്റെ അടിയന്തിരമായ ഉത്തരവാദിത്തം സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ ജീവിതത്തിന് തണലേകുകയാണെങ്കില്‍ അതാണ് ഇവിടെ പച്ചയ്ക്ക് ലംഘിക്കപ്പെട്ടിരിക്കുന്നത്. നടപടി പിന്‍വലിക്കാന്‍ ഔഷധ നിര്‍മാതാക്കളും സര്‍ക്കാരും എത്രയും പെട്ടെന്ന് മുന്‍കയ്യെടുക്കുകതന്നെ വേണം.
മരുന്നുകളുടെ വിലവര്‍ധനക്ക് കാരണമായി നിര്‍മാതാക്കള്‍ പറയുന്നത്, മൊത്ത വിലസൂചികയില്‍ വന്ന വര്‍ധനയാണ്. ഇതാകട്ടെ ഏതൊരു കാലത്തും സംഭവിക്കാവുന്നതും അതനുസരിച്ച് വില വര്‍ധിപ്പിക്കപ്പെടുന്നതുമാണ്. സാധാരണയായി അഞ്ചു ശതമാനം വരെയാണ് ഇത്തരത്തില്‍ ഓരോ കാലയളവിലും വിലവര്‍ധനവുണ്ടാകുക. എന്നാല്‍ ഇവിടെ എണ്‍പതിലധികം മരുന്നുകളുടെ വിലയില്‍ 10.76 ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. അതാകട്ടെ ബന്ധപ്പെട്ട ആരോടും കാര്യമായി ആലോചിക്കാതെയും.
2017ലെ ചരക്കുസേവന നികുതി വന്നശേഷം മരുന്നു വിലയില്‍ ഏകോപിത രൂപവും കുറവും വരുമെന്നായിരുന്നു പ്രതീക്ഷയെങ്കില്‍ പലതിനും 12 ശതമാനമെന്ന തട്ട് വന്നതോടെ വിലയില്‍ വന്‍വര്‍ധനവാണുണ്ടായത്. കോവിഡ് കാലത്ത് ഇത് വലിയ ആഘാതമാണ് രോഗികളിലും ബന്ധുക്കളിലുമുണ്ടാക്കിയത്. ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരോട് കരുണയില്ലാത്ത സമീപനമാണ് ചികിത്സാചെലവിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതിനിടെ അര്‍ബുദം, ഹൃദ്രോഗം മുതലായവക്കുള്ള അത്യാവശ്യ മരുന്നുകള്‍ക്കുകൂടി വന്‍തോതില്‍ വിലവര്‍ധിക്കുന്നത് ജനങ്ങളുടെ ജീവനെയാണ് ചോദ്യംചെയ്യുന്നത്. സര്‍ക്കാര്‍ ആതുര കേന്ദ്രങ്ങളില്‍ ചികില്‍സാചെലവ് കുറഞ്ഞാല്‍ പോലും മരുന്നു വിലയിലെ വര്‍ധന സാധാരണക്കാരെ എത്രമാത്രം കുരുക്കിലാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിര്‍മാതാക്കള്‍ 20 ശതമാനം വര്‍ധനവ് ആവശ്യപ്പെട്ടെന്നും 10.8 ആയി കുറച്ചുവെന്നുമുള്ള സര്‍ക്കാര്‍ വാദം തെറ്റിദ്ധാരണാജനകമാണ്. പെട്രോള്‍ വിലയില്‍ എന്തടിസ്ഥാനത്തിലാണ് കമ്പനികള്‍ക്ക് വാരിക്കോരി വിലവര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത് എന്നതിന്റെ ഉത്തരം കൂടിയാണ് ഔഷധ നിര്‍മാതാക്കളുടെ കാര്യത്തിലും മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം.
നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് കുറിച്ചു കൊടുക്കപ്പെടുന്ന മരുന്നുകള്‍ക്കും സ്‌കാന്‍ മുതലായവക്കുമെല്ലാം പുറത്തെ സ്വകാര്യ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികളും ബന്ധുക്കളും. കേരളത്തില്‍ കോവിഡ് കാലത്ത് ഖജനാവില്‍നിന്ന് കോടികളൊഴുക്കിയാണ് ഇല്ലാത്ത കമ്പനികളുടെ പേരില്‍ മരുന്നും പി.പി.ഇ കിറ്റും മറ്റും വാങ്ങിക്കൂട്ടി ഭരണകക്ഷിക്കാര്‍ ലക്ഷങ്ങള്‍ കീശയിലാക്കിയത്. ഇതുസംബന്ധിച്ച ചോദ്യത്തിനാകട്ടെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതേവഴിയിലാണ് മോദി സര്‍ക്കാരുമെന്ന് തെളിയിക്കുന്നതാണ് ഏതാണ്ടെല്ലാതരം മരുന്നുകളുടെയും വിലക്കയറ്റം. നീതിമെഡിക്കല്‍ സ്റ്റോറുകളും സര്‍ക്കാര്‍ വിലാസം ഫാര്‍മസികളുമെല്ലാം ഇക്കാര്യത്തില്‍ ഇടപെട്ട് വിലനിയന്ത്രിക്കുകയും വര്‍ധിപ്പിച്ച വിലയില്‍ കാര്യമായ കുറവുവരുത്താന്‍ തയ്യാറാകുകയുമാണ് കണ്ണില്‍ ചോരയുണ്ടെങ്കില്‍ സര്‍ക്കാരുകള്‍ ഉടനടി ചെയ്യേണ്ടത്.