kerala

അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു, കാട്ടിലൂടെ നടന്നത് മൂന്നര കിലോമീറ്റര്‍

By Test User

December 11, 2022

അട്ടപ്പാടിയില്‍ പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത് തുണിമഞ്ചലില്‍ ചുമന്ന്. റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സ് സ്ഥലത്തേക്ക് എത്തിക്കാനായില്ല. മൂന്നര കിലോമീറ്റളോളം ഭാരം ചുമന്നാണ് സുമതി എന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കടുകുമണ്ണ ഊരില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിനുശേഷം മൂന്നര കിലോമീറ്റര്‍ കാട്ടിലൂടെയും സഞ്ചരിച്ചാണ് ഇവര്‍ പുറം ലോകത്തേക്ക് എത്തുന്നത്. രാത്രി ആന ഇറങ്ങുന്ന സ്ഥലം കൂടിയാണിത്.

പ്രസവ വേദന അനുഭവപ്പെട്ട ഉടനെ തന്നെ ആംബുലന്‍സിനായി ബന്ധുക്കള്‍ വിളിച്ചിരുന്നു. എന്നാല്‍ റോഡ് മോശമായതിനാലും ആന ഇറങ്ങുന്നതിനാലും ആംബുലന്‍സ് എത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ആനവായ വരെയുള്ള സ്ഥലത്തേക്ക് ബന്ധുക്കള്‍ ചേര്‍ന്ന് തുണിയില്‍ കെട്ടി ചുമന്ന് എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ യുവതി പ്രസവിച്ചു.