2018 ലെ റഷ്യന്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏറ്റവുമധികം തവണ കയറിയിറങ്ങിയ കളിമുറ്റമായിരുന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നഗരമധ്യത്തിലെ ക്രെസ്റ്റോവിസ്‌കി സ്‌റ്റേഡിയം. അവിടെ നടക്കേണ്ടതായിരുന്നു ഇന്നത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പക്ഷേ വ്ഌഡിമിര്‍ പുട്ടിന്റെ റഷ്യ സെലന്‍സ്‌ക്കിയുടെ യുക്രെയ്‌നിനെതിരെ അനാവശ്യ കയ്യേറ്റത്തിന് മുതിര്‍ന്നു. യുദ്ധമെന്ന ഭീകരത ലോകത്തെ വേദനിപ്പിച്ചപ്പോള്‍ എല്ലാവരും റഷ്യക്കെതിരായി. അങ്ങനെയാണ് യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് എന്ന അതിസുന്ദര റഷ്യന്‍ നഗരത്തോട് വിട ചൊല്ലാന്‍ നിര്‍ബന്ധിതരായത്. പുട്ടിന്‍ യുദ്ധം മുറുക്കിയപ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മക്‌റോണ്‍ യുവേഫയോട് പറഞ്ഞു- ഫൈനലിന് പാരീസ് റെഡിയാണെന്ന്.

2006 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്ന അതേ പാരീസ്. അന്ന് ചാമ്പ്യന്‍സ് ലീഗിന്റെ നാമധേയം യൂറോപ്യന്‍ കപ്പ് എന്നായിരുന്നു. ബാര്‍സിലോണക്കാര്‍ ആഴ്‌സനലിനെ വീഴ്ത്തിയ രാത്രി. ബാര്‍സിലോണ സ്‌പെയിനും ആഴസ്‌നല്‍ ഇംഗ്ലണ്ടുമാവുമ്പോള്‍ ഇന്നും അതേ തരത്തില്‍ മറ്റൊരു ഇംഗ്ലീഷ്-സ്പാനിഷ് അങ്കം. കാല്‍പ്പന്ത് മൈതാനത്ത് പന്ത് തട്ടുന്നത് പതിനൊന്ന് പേരാണെങ്കിലും കളിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വ്യക്തിഗത മികവുകള്‍ പ്രധാനമാണ്.

റയല്‍ മാഡ്രിഡ് ഇത്തവണ സ്വപ്‌ന തുല്യമായ യാത്രയിലുടെയാണ് അവസാന പോരാട്ടത്തിന് യോഗ്യത നേടിയത്. തോല്‍പ്പിച്ചവരുടെ ഗണത്തില്‍ മെസിയും നെയ്മറും എംബാപ്പേയും കളിച്ച സാക്ഷാല്‍ പി.എസ്.ജി, നിലവിലെ വന്‍കരാ ചാമ്പ്യന്മാരും മാസോണ്‍ മൗണ്ട്, അന്റോണിയോ റുഡിഗര്‍, ടിമോ വെര്‍ണര്‍, റുമേലു ലുക്കാക്കു തുടങ്ങിയവരുടെ ചെല്‍സി, കെവിന്‍ ഡി ബ്രുയനും റഹീം സ്‌റ്റെറര്‍ലിങും റിയാദ് മെഹ്‌റസും ഗബ്രിയേല്‍ ജീസസുമെല്ലാം അണി നിരന്ന മാഞ്ചസ്റ്റര്‍ സിറ്റിയെയുമെല്ലാം. ഈ കളികളില്ലെല്ലാം അരങ്ങ് തകര്‍്ത്തത് ഒരു 35 കാരനായിരുന്നു-ഡബിള്‍ ഹാട്രിക് മികവില്‍ അരങ്ങ് തകര്‍ത്ത കരീം ബെന്‍സേമ. ഇന്ന് അദ്ദേഹമാണ് ടീമിന്റെ നായകന്‍.

ലിവര്‍ സംഘത്തില്‍ കളിയുടെ ഗതിക്കും വേഗത്തിനുമൊപ്പം താള-ലയ സമ്പന്നമായി പന്ത് തട്ടുന്ന സാദിയോ മാനേ എന്ന മുന്‍നിരക്കാരന്‍. സീസണില്‍ മാനേ സ്വന്തം രാജ്യമായ സെനഗലിന് ആഫ്രിക്കന്‍ വന്‍കരാ കിരീടം സമ്മാനിച്ചു, സെനഗലിന് ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് സമ്മാനിച്ചു, ലിവറിന് ഒന്നിലധികം കിരീടങ്ങള്‍ സമ്മാനിച്ചു- ഇന്ന് അദ്ദേഹമിറങ്ങുമ്പോള്‍ റയലിന്റെ പുകള്‍പെറ്റ സീനിയര്‍ ഡിഫന്‍ഡര്‍ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കളിയിലെ രസതന്ത്രം മെനയുന്നതില്‍ മുന്‍നിരക്കാര്‍ക്കുള്ള പങ്ക് വലുതാവുമ്പോള്‍ സ്‌റ്റെഡെ ഡി ഫ്രാന്‍സില്‍ ബെന്‍സേമയും മാനേയുമായിരിക്കും കിരീട നിര്‍ണയത്തിലെ പ്രധാനികള്‍.

ബെന്‍സേമയെ തടയുന്നതില്‍ അലിസണ്‍ ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്‌വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും. ഇവരെ ഒരുക്കുന്നത് മൈതാനത്തെ പുകള്‍പെറ്റ ആശാന്മാരാണ്. കാര്‍ലോസ് അന്‍സലോട്ടിയും ജുര്‍ഗന്‍ ക്ലോപ്പെയും. ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള പരിശീലകര്‍. രണ്ട് പേരും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കള്‍. ഒരു തരത്തിലും പ്രതിരോധ സോക്കറില്‍ വിശ്വാസമര്‍പ്പിക്കാത്തവര്‍. അതിനാല്‍ ഗോളുകളധികം പിറന്നാലും അല്‍ഭുതപ്പെടാനില്ല. തിരിച്ചുവരവാണ് റയലിന്റെ ശക്തി. സീസണില്‍ മൂന്ന് നിര്‍ണായക ദ്വിപാദ മല്‍സരങ്ങളില്‍ പിറകില്‍ നിന്നും തിരികെ വന്നവര്‍. ഏതൊരു സാഹചര്യത്തെയും അനുഭവക്കരുത്തില്‍ നേരിടാനുള്ള ആത്മവിശ്വാസമാണ് സീമപകാലത്തെ റയല്‍.