Connect with us

kerala

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു.

Published

on

വടക്കാഞ്ചേരി(തൃശൂര്‍): മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി.

തെക്കുംകര പനങ്ങാട്ടുകരയിലെ വസതിയിലും കുന്നംകുളത്തെ എം.എല്‍.എ ഓഫീസിലുമാണ് എന്‍ഫോഴ്‌സ് മെന്റ് ഡയരക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്. കൊച്ചിയില്‍നിന്നുള്ള 12 അംഗ സംഘം ഇന്നലെ രാവിലെ 7 മണിയോടെ മൂന്നുവാഹനങ്ങളിലായാണ് പനങ്ങാട്ടുകരയിലെ വസതിയില്‍ റെയ്ഡിന് എത്തിയത്. വനിതകളടക്കമുള്ള സായുധ സുരക്ഷാ സംഘത്തെ പുറത്തുനിര്‍ത്തി പരിശോധന ആരംഭിക്കുകയായിരുന്നു. മൊയ്തീനും, കുടുംബവും ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നു. മൊയ്തീനുമായിബന്ധമുണ്ടെന്ന് ആരോപണമുള്ള പണമിടപാട് നടത്തുന്ന കോലഴി സ്വദേശി സതീഷിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥര്‍ ഇതേസമയം പരിശോധന നടത്തി. ലോക്കല്‍ പൊലിസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഇ.ഡി പരിശോധനക്കെത്തിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പരാതിക്കാരനായ സുരേഷ് അടക്കമുള്ളവരുടെ മൊഴിയില്‍ എ.സി മൊയ്തീനെതിരെ ആരോപണം ഉണ്ടായിരുന്നു. കരുവന്നൂര്‍ സഹകരണബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീമിന്റെ ഭാര്യയുടെ പേരിലുള്ള കടയുടെ ഉദ്ഘാടനം നടത്തിയതും എ.സി.മൊയ്തീനായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൊയ്തീനുമായി അടുത്ത ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാടു നടത്തിയെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്. ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ ചന്ദ്രന്റെയും എ.സി മൊയ്തീന്‍ എംഎല്‍എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ബാങ്ക് സെക്രട്ടറി ടി.ആര്‍.സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്.

പൊറത്തിശ്ശേരി, മാപ്രാണം സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെയും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെയും തീരുമാനപ്രകാരം വായ്പകള്‍ കൊടുക്കുക മാത്രമാണ് മകന്‍ ചെയ്തത്. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ അടക്കം എട്ട് പേരാണ് പ്രധാന പ്രതികള്‍. പ്രതികള്‍ തട്ടിച്ച പണം ഉപയോഗിച്ച് ഇടുക്കിയില്‍ റിസോര്‍ട്ട് അടക്കം നിര്‍മിച്ചിരുന്നു. കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സി.പി.എം നേതാക്കള്‍ക്കും ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
2021 ആഗസ്റ്റിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമീബിക് മസ്തിഷ്‌കജ്വരം: 22 ദിവസത്തില്‍ 9 മരണം

ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരബാധ മരണസംഖ്യ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഗൗരവത്തിലാകുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ ഒമ്പതുപേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ 11 മാസത്തിനിടയിലെ മരണസംഖ്യ 42 ആയി. ഈ കാലയളവില്‍ 170 പേര്‍ രോഗബാധിതരായിട്ടുണ്ട്.

ഈ മാസം മാത്രം 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 40 ദിവസം ചികിത്സയിലായിരുന്ന നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26)യാണ് ഒടുവില്‍ മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇരുപതോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

വെള്ളമാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, രോഗബാധിതര്‍ ഉപയോഗിച്ച ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ചിട്ടും ഉറവിടം കണ്ടെത്താനായിട്ടില്ല. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ശാരീരികമായി പരിമിതമായവര്‍ക്ക് രോഗം ബാധിച്ചതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. ഇതോടെ രോഗവ്യാപനത്തിന്റെ സ്വഭാവത്തിലും ഉറവിടത്തിലും പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

അതിനിടെ, ആരോഗ്യവകുപ്പും ചെന്നൈ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെയും വിദഗ്ധരും ചേര്‍ന്ന് നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. എന്നാല്‍ പഠനത്തില്‍ പരിസ്ഥിതി വിദഗ്ധര്‍ ഇല്ലെന്ന കാര്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപനത്തില്‍ പരിസ്ഥിതി ഘടകങ്ങളും നിര്‍ണായകമാണെന്നതിനാല്‍ പഠനം അപൂര്‍ണ്ണമാകുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം മെഡിക്കല്‍ കോളജുകളെ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. ഓരോ കേസിന്റെയും വ്യത്യസ്തമായ രോഗവ്യാപന രീതികള്‍ വിലയിരുത്തേണ്ടതിനാല്‍ പഠനം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

സംസ്ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

 

Continue Reading

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

Trending