india

ഏക സിവില്‍കോഡ് എന്ന ആശയത്തില്‍ നിന്ന് തന്നെ ഗവണ്‍മെന്റ് പിന്മാറണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

By webdesk11

July 19, 2023

ഏക സിവില്‍കോഡ് എന്ന ആശയത്തില്‍ നിന്ന് തന്നെ ഗവണ്‍മെന്റ് പിന്മാറണമെന്ന് പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ മുസ്ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇരുപത്തി ഒന്നാം ലോ കമ്മീഷന്‍ യുസിസിയെ പറ്റി അന്തിമമായി പറഞ്ഞത് ‘ഇത് അനാവശ്യവും അനഭിലഷണീയവുമാണെന്നാണ്’. വളരെ അപകടകരമായ ഒരു കാര്യമാണിത്. ഇത് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കും. രാജ്യത്തെ ആകെ സങ്കീര്‍ണ്ണമാക്കുന്ന ഒരു പ്രശ്‌നം ഉണ്ടാക്കുക എളുപ്പമാണ്, പക്ഷെ ഇതില്‍ നിന്ന് കരകയറാന്‍ എത്ര വിചാരിച്ചാലും നിങ്ങള്‍ക്ക് കഴിയില്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

മുസ്ലിംലീഗ് പാര്‍ട്ടിയുടെ ഒരു സംഘത്തോടപ്പം ഞാന്‍ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നരകതുല്യമായ ഒരവസ്ഥയാണ് കാണാന്‍ സാധിച്ചത്. ഇതിന് സത്വര പരിഹാരം ഉടനെയുണ്ടാക്കണം. അതോടപ്പം തന്നെ എസ്.സി, എസ്.ടി, ന്യൂനപക്ഷ, ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതിയുണ്ടാക്കണം. അതി രൂക്ഷമായ വിലക്കയറ്റം, അന്വേഷണ ഏജന്‍സികളെ തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ദുരുപയോഗപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ഇ.ടി ചര്‍ച്ചയില്‍ പറഞ്ഞു. പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രിമാരായ പിയുഷ് ഗോയല്‍, വി മുരളീധരന്‍ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.